KSDLIVENEWS

Real news for everyone

രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ച്‌ ഇറാഖ് ശിയാ നേതാവ് മുഖ്തദാ സദര്‍; തെരുവില്‍ കലാപവുമായി അനുയായികള്‍-15 മരണം

SHARE THIS ON

ബഗ്ദാദ്: ഇറാഖിലെ ഏറ്റവും ശക്തനായ ശിയാ നേതാവ് മുഖ്തദ സദര്‍ രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തെരുവില്‍ കലാപവുമായി അനുയായികള്‍. സര്‍ക്കാര്‍ മന്ദിരങ്ങള്‍ വളഞ്ഞ സമരക്കാരെ പിന്തിരിപ്പിക്കാനായി സൈന്യം വെടിയുതിര്‍ത്തു. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം പ്രക്ഷുബ്ധമായതോടെ സദര്‍ നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ രാഷ്ട്രീയകാര്യങ്ങളില്‍ ഇനി ഇടപെടില്ലെന്ന് രണ്ടു മാസംമുന്‍പ് മുഖ്തദ സദര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പൂര്‍ണമായി രാഷ്ട്രീയം ഉപേക്ഷിക്കുന്ന കാര്യം ഇന്നലെയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. തന്റെ മുഴുവന്‍ രാഷ്ട്രീയ കാര്യാലയങ്ങളും അടച്ചുപൂട്ടുമെന്നും പ്രഖ്യാപനത്തില്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് അനുയായികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സുരക്ഷിതമേഖലയായ ഗ്രീണ്‍ സോണില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ റിപബ്ലിക്കന്‍ കൊട്ടാരം അടക്കമുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ കൈയേറി.

ഇതോടെയാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി സൈന്യം ആയുധമെടുത്തത്. കണ്ണീര്‍വാതകവും ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതില്‍ 15 പേര്‍ കൊല്ലപ്പെടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമി സര്‍ക്കാര്‍ യോഗങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് പിന്മാറാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടണമെന്ന് മുഖതദ സദറിനോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ബര്‍ഹാം സാലിഹും സംയമനം പാലിക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു.

കലാപത്തെ തുടര്‍ന്ന് ഇറാന്‍ ഇറാഖുമായുള്ള അതിര്‍ത്തി അടച്ചു. ഇറാഖിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അങ്ങോട്ടുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖിലുള്ള തങ്ങളുടെ പൗരന്മാരോട് നാട്ടിലേക്ക് തിരിച്ചെത്താന്‍ കുവൈത്ത് ആവശ്യപ്പെട്ടു. പുതിയ സ്ഥിതിഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആശങ്ക രേഖപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Summary: Several killed in clashes in Baghdad’s Green Zone after Iraq’s powerful Shia leader Muqtada al-Sadr announces withdrawal from politics

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!