KSDLIVENEWS

Real news for everyone

മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലെത്തും; കുഞ്ഞാലിക്കുട്ടിയെ ഇനി വ്യക്തിപരമായി അറ്റാക്ക് ചെയ്യില്ല-കെ.ടി ജലീല്‍

SHARE THIS ON

കോഴിക്കോട്: മുസ്‌ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ആദ്യം അടവുനയമായും പിന്നീട് രഹസ്യധാരണകളായും സഹകരിച്ച ശേഷമായിരിക്കും പരസ്യസഖ്യമുണ്ടാകുക. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീല്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ മാധ്യമമായ ‘യൂ ടോക്കി’ന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഇടതുപക്ഷത്തിന് മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുണ്ടായിരുന്നെങ്കില്‍ 1967ല്‍ ലീഗുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് ഇടതുപക്ഷം തയാറാകുമായിരുന്നില്ല. ലീഗ് ഒരു സമുദായ പാര്‍ട്ടിയാണെന്ന സമീപനം ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ആ സമീപനം ഒരളവോളം ശരിയുമാണ്. മുസ്‌ലിം ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ലീഗ് നിലനില്‍ക്കുന്നത്.”-ജലീല്‍ ചൂണ്ടിക്കാട്ടി.

സാമുദായിക രാഷ്ട്രീയവും വര്‍ഗീയരാഷ്ട്രീയവും രണ്ടാണ്. ന്യായമായി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ താല്‍പര്യങ്ങളും അവകാശങ്ങളും ഭരണഘടനാനുസൃതമായി പരിരക്ഷിക്കുക എന്നതാണ് ഒരു സാമുദായിക പാര്‍ട്ടിയുടെ ഉദ്ദേശ്യവും ലക്ഷ്യവും. ആ നിലയ്ക്കാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള മുസ്‌ലിം ലീഗിനെ കാലംകൊണ്ടെങ്കിലും ഇടതുപക്ഷത്തിന് സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടി വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഭാവിയില്‍ അതു സംഭവിച്ചുകൂടായ്കയില്ല. പെട്ടെന്ന് അതു നടന്നുകൊള്ളണമെന്നില്ല. അതിനു കുറച്ചു സമയമെടുക്കുമെന്നും ജലീല്‍ പറഞ്ഞു.

ഇരുചേരികളും ലീഗ് ഇടതുപക്ഷത്ത് ചേരുന്നത് ആഗ്രഹിക്കാത്ത, അതിനു താല്‍പര്യമില്ലാത്ത ആളുകളുണ്ട്. അവര്‍ക്കുകൂടി ബോധ്യമാകുന്ന ഒരു രാഷ്ട്രീയ ചുറ്റുപാട് അധികം വൈകാതെത്തന്നെ ഇന്ത്യയില്‍ രൂപപ്പെട്ടുവരും. അപ്പോള്‍ ബി.ജെ.പി വിരുദ്ധരായ ആളുകള്‍ക്ക് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിവരും. കേരളത്തില്‍ ഇടതുപക്ഷവുമായി മതേതര മനസ്സുള്ളവര്‍ക്കു മുഴുവന്‍ സഹകരിക്കേണ്ടിവരും. മതന്യൂനപക്ഷങ്ങള്‍ക്കും അവരുമായി അവകാശ സംരക്ഷണത്തിനായി നില്‍ക്കുന്ന സംഘടനകള്‍ക്കും അതില്‍നിന്നു മാറിനില്‍ക്കാനാകില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

1967ലേതുപോലെ, അതിനെക്കാള്‍ രൂഢമൂലമായി ഒരു ബന്ധം വന്നേക്കാം. മുസ്‌ലിം ലീഗിന് ഇടതുപക്ഷത്തേക്ക് ഭാവിയില്‍ വരണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ലീഗിനെ ഇടതുപക്ഷത്തേക്ക് ചേര്‍ക്കണമെന്ന ആഗ്രഹം ഇവിടെയുണ്ടെങ്കില്‍ ഏറ്റവും ചേര്‍ന്ന വഴി അടവുനയമാണ്. ഒരു തെരഞ്ഞെടുപ്പില്‍ എല്ലാം പരിഹരിച്ച്‌ ഒരു മുന്നണിയില്‍ പ്രവര്‍ത്തിക്കാമെന്നു കരുതുന്നത് പ്രായോഗികമല്ല. അടവുനയം എടുക്കേണ്ടിവരും. അതുകഴിഞ്ഞ് രഹസ്യമായ ധാരണകളുണ്ടാക്കേണ്ടിവരും. അതുംകഴിഞ്ഞാകും പ്രത്യക്ഷമായ സഖ്യത്തിലേക്ക് പോകാന്‍ സാധിക്കുകയെന്നും ജലീല്‍ പറഞ്ഞു.

അതേസമയം, കുഞ്ഞാലിക്കുട്ടിയെ വ്യക്തിപരമായി ആക്രമിക്കുന്നതും അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ശാശ്വതമായി ശത്രുതമായി മുന്നോട്ടുപോകുന്നതിലെ പ്രയാസം എന്റെ പല അഭ്യുദയകാംക്ഷികളും ചൂണ്ടിക്കാണിച്ചു. കാര്യങ്ങള്‍ വ്യക്തിപരമാകേണ്ടെന്നും എന്നാല്‍, അഴിമതി ചെയ്തവരോട് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ്, വ്യക്തിപരമായ അറ്റാക്ക് വേണ്ട എന്നു തീരുമാനിച്ചത്. വ്യക്തിപരമായി എന്നെ ആക്രമിച്ചതുകൊണ്ടാണ് വ്യക്തിപരമായി ഞാനും പ്രത്യാക്രമണത്തിന് ഇറങ്ങിയതെന്നും ജലീല്‍ സൂചിപ്പിച്ചു.

കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചും ജലീല്‍ വെളിപ്പെടുത്തി. കെ.ടി ജലീലിനെ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്തിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ എന്നോട് പറഞ്ഞത്. ഞാന്‍ പക്ഷെ വ്യക്തിപരമായി തന്നെയായിരുന്നു നേരിട്ടത്. എന്നാല്‍, വ്യക്തിപരമായ വൈരം നിലനിര്‍ത്തേണ്ടെന്ന ഉപദേശം സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം വ്യക്തിപരമായ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ അവസാനിപ്പിച്ച്‌ ഒരു പൊതുരാഷ്ട്രീയത്തിനു വേണ്ടി നില്‍ക്കേണ്ട ഘട്ടമാണെന്ന് എനിക്കും തോന്നി. അതുകൊണ്ടാണ് ആരുമായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്ത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!