14-ല് 11 ജില്ലാ പഞ്ചായത്തുകളിലും എല്ഡിഎഫ് അധികാരത്തിലേറി; വയനാട് നറുക്കെടുപ്പിലൂടെ യുഡിഎഫിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടങ്ങളിലും എൽഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളിൽ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടിൽ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്..
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് ഭരണമുള്ളത്. മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണവും.
പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് ഈ വിഭാഗത്തിൽ ആരും ഇല്ലാത്തിനാലാണിത്.
പത്തനംതിട്ടയിൽ സിപിഎമ്മിലെ അഡ്വ.ഓമല്ലൂർ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളിൽ 21 ഇടങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകൾ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളൂ.
കാസർകോട് സിപിഎമ്മിലെ ബേബി ബാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി പി ദിവ്യയെ തെരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നിൽ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി കെ ഡേവിസിനെ തെരഞ്ഞെടുത്തു. കോൺഗ്രസിലെ ജോസഫ് ടാജറ്റിനെയാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫിന് 24 വോട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു.
സിപിഎമ്മിലെ കെ. ബിനുമോൾ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .30 ൽ 27 വോട്ട് നേടിയാണ് എൽഡിഎഫ് സ്ഥാനാർഥിയായ ബിനുമോളുടെ വിജയം. എതിർ സ്ഥാനാർഥി യുഡിഎഫിലെ മെഹർബാന് മൂന്ന് വോട്ടു ലഭിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എൽ ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു. നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർഥി രാധ വി നായർക്ക് 7 വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

