KSDLIVENEWS

Real news for everyone

അശരണരുടേയും നിർദനരുടേയും കണ്ണീരൊപ്പി വീണ്ടും കാസർഗോഡ് കലക്ടറുടെ അദാലത്ത്

SHARE THIS ON

കാസർകോട് : മടിക്കൈ മേക്കാട്ടെ ബിന്ദു ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ കുടിവെള്ള കണക്ഷനു വേണ്ടിയാണ് പരാതി നൽകിയത് . ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർ ഡോ . ഡി.സജിത് ബാബു ഉറപ്പ് നൽകി . കളക്ടർ നേരിട്ട് സംസാരിച്ചതിന്റെ അത്ഭുതത്തിൽ ബിന്ദു ഒരു അപേക്ഷ കൂടി കളക്ടറോട് പറഞ്ഞു : അന്ധയായ മകൾക്ക് പ്ലസ് വൺ പ്രവേശനം കിട്ടിയിട്ടുണ്ട് . എന്നാൽ ഹോസ്റ്റൽ അനുവദിക്കുന്നില്ല . ദിവസവും മടിക്കൈയിൽ നിന്നും വിദ്യാനഗർ അന്ധ വിദ്യാലയത്തിൽ എത്താൻ പ്രയാസം ഏറെയാണ് . സഹായിക്കണം . അപേക്ഷ സശ്രദ്ധം കേട്ട കളക്ടർ 24 മണിക്കൂറിനകം തീരുമാനം അറിയിക്കുമെന്ന് ഉറപ്പ് നൽകി . അത്രയും കാത്തിരിക്കേണ്ടി വന്നില്ല . അദാലത്തിനിടെ പരാതികേട്ട് അര മണിക്കൂറിനകം അപേക്ഷയ്ക്ക് പരിഹാരമായി . ബിന്ദുവിന്റെ അന്ധയായ മകൾക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പായി . കളക്ടർ വിവരം ബിന്ദുവിന അറിയിച്ചു . ഇതുപോലെ 31 വിവിധ പരാതികളാണ് ഹൊസൂർഗ് താലൂക്കിൽ നടന്ന കളക്ടറുടെ ഓൺ ലൈൻ പരാതി പരിഹാര അദാലത്തിൽ പരിഗണനയ്ക്കു വന്നത് . എല്ലാ പരാതികളും തീർപ്പ് കൽപിച്ചാണ് അദാലത്ത് അവസാനിച്ചത് . മയിലാട്ടി ഞെക്സിയിലെ പ്രിയ , വീട്ടിൽ പഠനമുറി പദ്ധതി ആനുകൂല്യം ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതിപ്പെട്ടത് . ഈ പട്ടികജാതി കുടുംബത്തിന് പഠന മുറിക്കുള്ള സഹായവും കൂടാതെ വീട് ‘ അറ്റകുറ്റ പണികൾക്കുള്ള സഹായവും ലഭ്യമാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി . അങ്കൺവാടി ഹെൽപർ തസ്തികയിൽ നിന്ന് വിരമിച്ച കാട്ടുകുളങ്ങരയിലെ ശാന്ത പി വി യുടെ പ്രതിമാസ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയിലും കളക്ടർ തീർപ്പാക്കി . അങ്കണവാടി വർക്കേഴ്സ് ക്ഷേമ നിധി ബോർഡ് പെൻഷൻ കുടിശിക മുഴുവനായി പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി കളക്ടർ അറിയിച്ചു . ഭൂപ്രശ്നങ്ങൾ , ഭൂനികുതി ഒടുക്കുന്നത് , കുടിവെള്ളം , വൈദ്യുതി , പെൻഷൻ പരിസര മലിനീകരണം , തുടങ്ങിയവ സംബന്ധിച്ച പരാതികളാണ് ലഭിച്ചത് . എ ഡി എം എൻ ദേവീദാസ് , ഡെപ്യൂട്ടി കളക്ടർ കെ രവി കുമാർ തഹസിൽദാർ എൻ മണിരാജ് , എൽ ആർ തഹസിൽദാർ വിജയൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!