എറണാകുളത്തും ഷിഗെല്ല ; പരിശോധന കർശനമാക്കി ജില്ലാ ഭരണകൂടം

കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം കണ്ടെത്തി. ചോറ്റാനിക്കര സ്വദേശിയായ 58കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയതായി ജില്ലാ കളക്‌ടര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് പനിയെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേര്‍മാത്രമാണ് നിരീക്ഷണത്തില്‍ ഉളളതെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. ചോറ്റാനിക്കര കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം തുടരുകയാണെന്നും പ്രദേശത്ത് അണുനശീകരണം നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതരും വ്യക്തമാക്കി. പ്രദേശത്തെ കുടിവെളള സ്രോതസുകളിലും പരിശോധന തുടരുകയാണ്.
കോഴിക്കോട് ചെയ്ത പോലെ പ്രദേശത്തെ എല്ലാവര്‍ക്കും ബാക്‌ടീരിയയെ ചെറുക്കുന്ന ഗുളികകള്‍ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസുകാരന്‍ മരണപ്പെടുകയും ചെയ്‌തിരുന്നു.

