KSDLIVENEWS

Real news for everyone

മുന്‍കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ (97) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അഴിമതിക്കെതിരെയും പൗരാവകാശത്തിനു വേണ്ടിയും നിരന്തരം നിലകൊണ്ട വ്യക്തിയായിരുന്നു ശാന്തിഭൂഷണ്‍. മൊറാര്‍ജി ദേശായി മന്ത്രിസഭ (1977-79) യില്‍ നിയമവകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. കോണ്‍ഗ്രസ് (ഒ)യിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ശാന്തി ഭൂഷണ്‍ പിന്നീട് ജനതാ പാര്‍ട്ടിയില്‍ അംഗമായി. 1977 മുതല്‍ 1980 വരെ രാജ്യസഭാംഗമായിരുന്നു. 1980-ല്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. 1986-ല്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശാന്തി ഭൂഷണ്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ഇദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. രാജ്യം കണ്ട മികച്ച നിയമജ്ഞരില്‍ ഒരാളായിരുന്നു ശാന്തി ഭൂഷണ്‍. 1974-ല്‍ ഇന്ദിര ഗാന്ധിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തെ ചോദ്യം ചെയ്ത് രാജ് നാരായണ്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഹാജരായത് ശാന്തി ഭൂഷണ്‍ ആയിരുന്നു. കേസില്‍ തിരിച്ചടിയേറ്റ ഇന്ദിരയ്ക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തു. 44-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതും ഇദ്ദേഹമാണ്. ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയിലെ വിവിധ വ്യവസ്ഥകള്‍ റദ്ദാക്കുന്നതായിരുന്നു 44-ാം ഭരണഘടനാ ഭേദഗതി. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ശാന്തി ഭൂഷണ്‍. കോര്‍ട്ടിങ് ഡെസ്റ്റിനി: എ മെമൊയിര്‍ എന്ന പുസ്തകത്തിന്റെ രചയിതാവു കൂടിയാണ് ശാന്തി ഭൂഷണ്‍. മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!