KSDLIVENEWS

Real news for everyone

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

SHARE THIS ON

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി അന്തരിച്ചു, എൺപത്തിനാല് വയസായിരുന്നു. തലയിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്താനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ചികിത്സക്കിടെ കോവിഡ് ബാധിക്കുകയും ചെയ്തു, തുടർന്ന് ആരോഗ്യ നില വഷളായി, വെന്റിലേറ്ററിന്റെ സഹായത്തിൽ ജീവൻ നിലനിർത്തി പോരുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതി ആയിരുന്നു. ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച മുഖർജ കേന്ദ്രത്തിൽ വിദേശകാര്യം, സാമ്പത്തികം, പ്രതിരോധം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രപതിയായി കാലാവധി പൂർത്തീകരിച്ച ശേഷം ആരോഗ്യപരമായ കാരണങ്ങൾ രാഷ്ട്രീയ രംഗത്ത് നിന്നും മാറി നിന്നു. ഭാര്യ സുവ്‌റ മുഖർജി 2005ൽ അന്തരിച്ചു. മക്കൾ ശർമിഷ്ഠ മുഖർജി, അഭിജിത് മുഖർജി, ഇന്ദ്രജിത് മുഖർജി.

കൽക്കത്ത സർവകലാശാലയിൽ നിന്നും നിയമബിരുദം നേടിയ മുഖർജി 1969 മുതലാണ് രാഷ്ട്രീയത്തിൽ സജീവമായത്. കഴിവുകൾ തിരിച്ചറിഞ്ഞ ഇന്ദിര ഗാന്ധി മുഖർജിയെ കൂടെ നിർത്തി. ഇന്ദിരയുടെ ആശിർവാദത്തോടെ 1969ൽ രാജ്യസഭയിൽ എത്തി. 1999 വരെ തുടർച്ചയായി 5 തവണ രാജ്യസഭാംഗമായി. ഇന്ദിരഗാന്ധിയുടെ ഭരണകാലത്ത് വ്യാവസായിക സഹമന്ത്രി ആയാണ് തുടക്കം. അടിയന്തരാവസ്ഥകാലത്ത് ഭരണാഘടനവിരുദ്ധമായി പ്രവർത്തിച്ചു എന്ന ആക്ഷേപം മുഖർജിക്കെതിരെ ഉയർന്നിരുന്നു. 1982 മുതൽ 84 വരെ ഇന്ദിര ഗാന്ധിയുടെ കാബിനറ്റിൽ ധനമന്ത്രി ആയി, മുഖർജിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രണബ് മുഖർജിയാണ്, ഇന്ദിരാഗാന്ധിയുടെ അടുപ്പക്കാരൻ ആയിരുന്നത് കൊണ്ട് തന്നെ അവരുടെ അഭാവത്തിൽ കാബിനറ്റ് യോഗങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് മുഖർജി ആയിരുന്നു.

ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതോടെ മുഖർജി കോൺഗ്രസിൽ ഒതുക്കപ്പെട്ടു, 1986 അദ്ദേഹം കോൺഗ്രസ് വിട്ട് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി നിലം പരിശായതോടെ മുഖർജി വീണ്ടും കോൺഗ്രസിൽ എത്തി. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം പ്രധാനമന്ത്രിയായ നരസിംഹറാവു മുഖർജിയെ ആസൂത്ര കമീഷന്റെ ഉപാധ്യക്ഷനായി നിയമിച്ചു, തുടർന്ന് 1995 മുതൽ 1996 വരെ റാവു മന്ത്രിസഭയിൽ വിദേശകാര്യാ മന്ത്രിയായി സേവനം അനുഷ്ഠിച്ചു. ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുഖർജി 98ൽ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു, 2000 മുതൽ 2010 വരെ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനം വഹിച്ചു.
2004ൽ കോൺഗ്രസ് തിരിച്ച് വരവ് നടത്തിയപ്പോൾ ലോക്‌സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് മുഖർജിയെ ആയിരുന്നു, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പേര് ഉയർന്ന് കേട്ടുവെങ്കിലും നറുക്ക് വീണത് മൻമോഹൻ സിംഗിനായിരുന്നു. 2007 പ്രതിഭ പാട്ടീലിന് പകരം രാഷ്‌ട്രപതി സ്ഥാനത്തേക്ക് മുഖർജിയെ പരിഗണിച്ചിരുന്നു, ഭരണരംഗത്തെ നൈപുണ്യം കണക്കിലെടുത്ത് അദ്ദേഹത്തെ മന്ത്രിസഭയിൽ നിലനിർത്താനാണ് കോൺഗ്രസ് തീരുമാനിച്ചത്. രണ്ട് മൻമോഹൻ സിംഗ് മന്ത്രിസഭയിലുമായി അദ്ദേഹം പ്രതിരോധം, വിദേശകാര്യം, സാമ്പത്തികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. പാർട്ടി ഭേദമന്യേ എല്ലാവരുടെയും സ്നേഹവും ബഹുമാനവും പിടിച്ച് പറ്റാൻ മുഖർജിക്ക് സാധിച്ചു.

നിയമബിരുദത്തിന് പുറമെ രാഷ്ട്ര തന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

രാഷ്ട്രീയത്തിൽ പ്രവേശിക്കും മുൻപ് ടെലിഗ്രാഫ്, പോസ്റ്റ്, എന്നീ പത്രങ്ങളിൽ ക്ലാർക്ക് ആയും ദേശാർ ഡക്ക് എന്ന പത്രത്തിൽ റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
2018ൽ നാഗ്‌പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ചെന്ന് ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചത് വൻ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!