ദൈവത്തിന്‍റെ പ്രവൃത്തിയോ അതോ വഞ്ചനയുടെ ഫലമോ? മോര്‍ബി ദുരന്തത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ദിഗ്‍വിജയ സിങ്

‘ദൈവത്തിന്‍റെ പ്രവൃത്തിയോ അതോ വഞ്ചനയുടെ ഫലമോ’ എന്ന് അദ്ദേഹം ചോദിച്ചു.
2016 മാര്‍ച്ച് 31ന് കൊല്‍ക്കൊത്തയിലെ വിവേകാനന്ദ റോഡ് മേല്‍പ്പാലം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പശ്ചിമബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമാണെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ദിഗ്‍വിജയ സിങിന്‍റെ ട്വീറ്റ്. ഒപ്പം പഴയ വാര്‍ത്തയുടെ ലിങ്കും സിങ് പങ്കുവച്ചിട്ടുണ്ട്. ” ആറുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം തുറന്ന പാലം അഞ്ചു ദിവസത്തിനു ശേഷം തകരുകയായിരുന്നു. 27 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പെ നര്‍മദ കനാലിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. അതേസമയം ഭുജിലെ മേല്‍പ്പാലം 8-9 വര്‍ഷമെടുത്താണ് നിര്‍മ്മിച്ചത്. ,കമ്മീഷന്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായിരുന്നു” സിങ് പറഞ്ഞു.
കൊല്‍ക്കൊത്തയിലെ മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 26 പേരാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മരിച്ചവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. വഞ്ചനയെന്നായിരുന്നു മോദി ദുരന്തത്തെ വിശേഷിപ്പിച്ചത്. ”ഇന്ന് പാലം തകര്‍ന്നു, നാളെ മമതാ ബാനര്‍ജി ബംഗാളിനെ മുഴുവന്‍ നശിപ്പിക്കും. ബംഗാളിനെ രക്ഷിക്കാനായി ദൈവം നല്‍കിയ സന്ദേശമാണിതെന്നായിരുന്നു” മോദി പറഞ്ഞത്.
അതേസമയം മോര്‍ബിയിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. നദിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പാലം പുതുക്കിപ്പണിത കമ്ബനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.

