KSDLIVENEWS

Real news for everyone

അതിരുകളില്ലാത്ത മതമൈത്രി: ഒരുമയുടെ കവാടമുയർത്തി കുണിയ ; ഇനി മസ്ജിദിലേക്കും ക്ഷേത്രത്തിലേക്കും ഒറ്റ പ്രവേശന കവാടം

SHARE THIS ON

പെരിയ: ക്ഷേത്രത്തിലേക്കും മസ്ജിദിലേക്കും വിശ്വാസികൾക്ക് സ്വാഗതമോതി ഒറ്റ പ്രവേശനകവാടം. പുല്ലൂർ-പെരിയയിലെ രണ്ട് ദേശങ്ങളാണ് ഇതിനുപിന്നിൽ. ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം, മീത്തലെ കുണിയ ബിലാൽ മസ്ജിദ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഒരുമയുടെ സന്ദേശമുയർത്തുന്നത്. ദേശീയപാതയ്ക്കരികിൽ കുണിയ ആയമ്പാറ റോഡിന്റെ തുടക്കത്തിലാണ് പ്രവേശനകവാടനിർമാണം പൂർത്തിയാവുന്നത്. ഈ പ്രവേശന കവാടത്തിൽക്കൂടി പോയാൽ ആദ്യമെത്തുന്നത് മീത്തൽ കുണിയ ബിലാൽ മസ്ജിദിലേക്കാണ്. പിന്നീട് റോഡ് ചെന്നുചേരുന്നത് ആയമ്പാറ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും.

അഞ്ച് ലക്ഷം രൂപ ചെലവായി. കവാടത്തിന്റെ ഇടതുഭാഗത്തെ തൂണിന് മുകളിൽ ക്ഷേത്ര മാതൃകയും വലതുഭാഗത്തെ തൂണിന് മുകളിൽ മസ്ജിദ് മാതൃകയുമാണ് നൽകിയിട്ടുള്ളത്. നേരത്തെ ഇവിടെ മസ്ജിദിനായി നിർമിച്ചിരുന്ന ഇരുമ്പ് കമാനത്തിൽ ഒരു ഭാഗത്ത് ക്ഷേത്രം റോഡ് എന്ന് എഴുതിയിരുന്നു. കഴിഞ്ഞവർഷം യു.എ.ഇ.യിലെ ക്ഷേത്ര കമ്മിറ്റിയിൽ പുതിയ കവാടം നിർമിക്കാനുള്ള ചർച്ച വന്നപ്പോൾ മസ്ജിദ് കമ്മിറ്റിയുമായി ആലോചിച്ചുമതി എന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ കുണിയയിൽ പുതുക്കിപ്പണിത ഖിള്‌രിയ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വിവിധ കമ്മിറ്റികളുടെ സഹകരണത്തോടെ നടന്നതും ഒരുമയാർന്ന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നു.

ഇരുകൂട്ടരും ഒരുമിച്ചുചേർന്ന് കവാട നിർമാണത്തിന്റെ കമ്മിറ്റിയും രൂപവത്ക്കരിച്ചു. അബ്ദുൾ ഖാദർ സഅദി ചെയർമാനും കെ.നാരായണൻ വാണിയൻവളപ്പ് കൺവീനറുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

പ്രവേശനകവാടത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്.

കെ.ദാമോദരൻ മോലോത്തുംകാൽ പ്രസിഡന്റും കെ.സതീശൻ പൊള്ളക്കട സെക്രട്ടറിയുമായ ക്ഷേത്രത്തിന്റെ യു.എ.ഇ. കമ്മിറ്റിയും കമാനനിർമാണത്തിൽ കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!