ഡിവിഷൻ കമാൻഡര്‍ ഉള്‍പ്പെടെ എട്ട് സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

ഗാസ: ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡര്‍ ഉള്‍പ്പെടെ എട്ട് സൈനികര്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍.
അല്‍ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങള്‍ ഇന്ന് ഇസ്രായേല്‍ പ്രസിദ്ധീകരിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് കരയാക്രമണത്തിലാണ് ഇതില്‍ 105 പേര്‍ കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തിയില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 57 സൈനികരെയും ജറുസലേമിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ട സൈനികരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എൻ വീണ്ടും പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ ഇസ്രായേലും അമേരിക്കയും അടക്കം 10 രാജ്യങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു.

