ഇന്ത്യയടക്കം 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ വേണ്ട; പ്രഖ്യാപനവുമായി ഇറാൻ, ലക്ഷ്യം ടൂറിസം

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി സമീപകാലത്ത് പല രാജ്യങ്ങളും വിസ ചട്ടങ്ങളിൽ ഇളവ് വരുത്തിയിരുന്നു. തായ്ലൻഡും ശ്രീലങ്കയും ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഇന്ത്യ ഉൾപ്പെടുയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിക്കുകയുണ്ടായി. ആഫ്രിക്കൻ രാജ്യമായ കെനിയ ആവട്ടെ ആർക്കും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ വേണ്ടെന്ന് പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഇറാൻ ഇന്ത്യയുൾപ്പടെ 33 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത് പ്രകാരം സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങിയ 33 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ വിസയുടെ ആവശ്യമില്ല. ഇറാൻ സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദർഗാമിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കുകയാണെന്ന് ദർഗാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുഖമമായ സഞ്ചാരം മനുഷ്യരുടെ അവകാശമാണ്. ഇറാൻ എന്ന രാഷ്ട്രത്തിന്റെ മഹത്തായ സവിശേഷതകൾ ആസ്വദിക്കാൻ ലോകത്തിന് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക വിനോദസഞ്ചാര മേഖലയിൽ ഇറാനെ കുറിച്ചുള്ള ധാരണകൾ മാറാനും രാജ്യം വിനോദസഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ നീക്കം. നേരത്തെ ചൈനയും തുർക്കിയും അസർബൈജാനും സിറിയയും ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ ഉളവ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടുതൽ രാജ്യങ്ങൾക്ക് നൽകുന്നത് വഴി കൂടുതൽ വിദേശ വിനോദസഞ്ചാരികൾ ഇറാനിൽ എത്തുമെന്നും കൂടുതൽ വിദേശ നാണ്യം നേടാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരം നീക്കങ്ങൾ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം എട്ട് മാസത്തെ കണക്കുകൾ പ്രകാരം 40.4 ലക്ഷം വിദേശ സഞ്ചാരികളാണ് ഇറാനിലെത്തിയത്. മുൻ വർഷത്തെ വച്ച് നോക്കുമ്പോൾ 48.5 ശതമാനത്തിന്റെ വർധനവാണിത്. മഹത്തായ ചരിത്ര നിർമ്മിതികളും സംസ്കാരങ്ങളും ഭൂപ്രകൃതിയും ഭക്ഷണവൈവിധ്യങ്ങളുമെല്ലാമുള്ള ഇറാൻ നിരവധി ഇന്ത്യക്കാരും സന്ദർശിക്കാറുണ്ട്.

