‘ഗതാഗത വകുപ്പാണെന്ന് അറിയിച്ചു, ജനത്തെ പിഴിയാതെ എങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നതിന് ആശയങ്ങളുണ്ട്: നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

തിരുവനന്തപുരം: പൊതുഗതാഗതരംഗത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്തെങ്കിലും മാറ്റംകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നിയുക്തമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇടതുമുന്നണി സര്‍ക്കാരിന് അഭിമാനകരമാകുന്ന കുറച്ചു പദ്ധതികള്‍ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും, അത്ഭുതങ്ങള്‍ നടത്താന്‍
പറ്റുമെന്നൊന്നും ഞാന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഗതാഗത വകുപ്പെന്നാണ് അറിയിച്ചത്. മറ്റ് വകുപ്പുകളില്ല, ആന്റണി രാജു വഹിച്ചിരുന്ന വകുപ്പാണ് തന്നിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് നാലുമണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്നണി ധാരണപ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവെച്ച ഒഴിവിലേക്കാണ് രണ്ടുപേരും മന്ത്രിമാരായി എത്തുന്നത്.
കെ.എസ്.ആര്‍.ടി.സി. വളരെ മോശം അവസ്ഥയിലാണ്. ഒരു പരിധിവരെ നന്നാക്കാന്‍ പറ്റും. അച്ചടക്കം ഉണ്ടാക്കാന്‍ പറ്റും. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കുക എന്നതാണ് ലക്ഷ്യം. വരവ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക. കെ.എസ്.ആര്‍.ടി.സിയുടെ ഒരു പൈസ ചോര്‍ന്ന് പോവാതെയുള്ള നടപടിയായിരിക്കും സ്വീകരിക്കുകയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ലോട്ടറി, ബിവറേജസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്… ഇതില്‍നിന്നുള്ള വരുമാനം മാത്രമേ സംസ്ഥാനത്തിന്റെ ധനകാര്യ ആവശ്യങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. കേന്ദ്രസര്‍ക്കാര്‍ പരിപൂര്‍ണ്ണമായി അവഗണിക്കുകയും കടംവാങ്ങാനുള്ള അവകാശത്തില്‍ കൈവെക്കുകയും ചെയ്യുന്നു. കേന്ദ്രത്തില്‍നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ജനങ്ങളെ പിഴിയാതെ എങ്ങനെ വരുമാനം വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചില ആശയങ്ങളുണ്ട്. കേരളത്തിന്റെ എല്ലാ ഗ്രമീണമേഖലകളിലും ബസുകള്‍ ഓടിക്കുന്ന പദ്ധതി കൊണ്ടുവരും. കെ.എസ്.ആര്‍.ടി.സി. തന്നെ വേണമെന്നില്ല, സ്വകാര്യബസ് ആയാലും മതി. പദ്ധതി മുഖ്യമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കും, അദ്ദേഹമത് അംഗീകരിച്ചാല്‍ ഇന്ത്യയില്‍ തന്നെ ഒരു ചരിത്രമാക്കിയത് മാറ്റുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.
കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഒരു തരത്തിലും ധൂര്‍ത്തടിക്കപ്പെടുന്നില്ല എന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തിയാല്‍ അവര്‍ സഹകരിക്കുമെന്നാണ് വിശ്വാസം. ശുദ്ധജലത്തില്‍ കുറച്ച് അഴുക്കുവെള്ളം ഒഴിച്ചാല്‍ മതിയല്ലോ, എല്ലാം കൂടെ ചീത്തയാവാന്‍. ആതാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയില്‍ പറ്റിയത്. മോഷണവും സാമ്പത്തിക അപഹരണവും സമ്മതിക്കില്ല. എല്ലാ ഓട്ടകളും അടയ്ക്കും. ആരേയും ഉപദ്രവിക്കുക എന്നത് ലക്ഷ്യമല്ല. സഹകരിച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞേക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം ചെയ്താല്‍ അനുഭവിക്കാന്‍ പോവുന്നത് തൊഴിലാളികളായിരിക്കും. ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കരണങ്ങള്‍ വെട്ടിക്കുറയ്ക്കില്ലെന്നും അതിന്റെ തുടര്‍ച്ചയാണ് ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

