KSDLIVENEWS

Real news for everyone

പോക്സോകേസില്‍ കുടുക്കി പണംതട്ടാന്‍ശ്രമം; CI- ക്കെതിരെ നടപടി, കൂട്ടുനിന്നത് പെണ്‍കുട്ടിയുടെ കുടുംബവും

SHARE THIS ON

കാസര്‍കോട്: പ്രവാസി മലയാളിയായ യുവാവിനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി സി.ഐയും പെണ്‍കുട്ടിയുടെ കുടുംബവും പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് സി.ഐ കെ.പി ഷൈനിനെതിരെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് സി.ഐ പറയുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു.

മാസങ്ങള്‍ക്കുമുമ്പാണ് സംഭവങ്ങള്‍ക്കാസ്പദമായ കാര്യങ്ങള്‍ നടന്നത്. പ്രവാസി മലയാളിയായ യുവാവ് വിവാഹം കഴിക്കുന്നതിനായി കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയെ വീട്ടില്‍ച്ചെന്ന് പെണ്ണുകണ്ടു. തുടര്‍ന്ന് കല്യാണനിശ്ചയവും തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോള്‍ യുവാവിനും ബന്ധുക്കള്‍ക്കും ബോധ്യമായി. പെണ്‍കുട്ടി പഠിച്ചത് കര്‍ണാടയിലെ സ്‌കൂളിലാണെന്നും അവിടെനിന്നുമുള്ള ശരിയായ രേഖകള്‍ കാണിക്കാമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ അറിയിച്ചു.


എന്നാല്‍ ഇതില്‍ തൃപ്തരാവാഞ്ഞ യുവാവിന്റെ കുടുംബം വിവാഹത്തില്‍നിന്ന് പിന്മാറി. പിന്നീട് യുവാവ് മറ്റൊരു വിവാഹത്തിനും തയ്യാറായി. ഇതോടെ ആദ്യം വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെതിരെ രംഗത്തെത്തി. യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നും പലയിടങ്ങളിലുംകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും കുടുംബം ആരോപണമുന്നയിച്ചു. പെണ്‍കുട്ടിയുടെ വീട് നില്‍ക്കുന്ന പരിധിയിലെ പോലീസ് സ്‌റ്റേഷനല്ലാത്ത ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ കേസ് നല്‍കുമെന്നായിരുന്നു ഭീഷണി.


സ്റ്റേഷനില്‍നിന്ന് വിളിപ്പിക്കുമെന്നും 15 ലക്ഷം രൂപ തന്നാല്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരും സി.ഐയും യുവാവിനെ അറിയിച്ചു. എന്നാല്‍ ഇതിന് തയ്യാറാവാഞ്ഞ യുവാവ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. സി.ഐയെ കേസിന്റെ അന്വേഷണ ചുമതലയില്‍നിന്ന് മാറ്റിയിട്ടുമുണ്ട്. ഇയാള്‍ക്കെതിരെ മുമ്പും സമാനആരോപണങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!