KSDLIVENEWS

Real news for everyone

പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ; അന്വേഷണം ആവശ്യപ്പെട്ട് AICWA

SHARE THIS ON

കൊൽക്കത്ത: പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ). ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ തുടരുന്ന അദ്ദേഹം ഇപ്പോൾ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ചലച്ചിത്രപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സുതാര്യമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സംഘടന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് അഭ്യർഥിച്ചു. എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് എഐസിഡബ്ല്യുഎ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ സംഭവം നിർണായകമായ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ രാജേഷ് ശർമയുടെ നില ഗുരുതരമായെങ്കിൽ നിർമാതാവും പ്രൊഡക്ഷൻ ഹൗസും എന്തുകൊണ്ട് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല? സെറ്റിൽ മതിയായ അടിയന്തര വൈദ്യസഹായം ലഭ്യമായിരുന്നോ? ജോലിസ്ഥലത്തെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നോ? എന്തുകൊണ്ടാണ് ഷൂട്ടിങ് സ്ഥലത്തുവെച്ച് അദ്ദേഹത്തിന്റെ ആരോഗ്യം ഇത്ര വഷളായത്?’ -എഐസിഡബ്ല്യുഎ പ്രസിഡന്റ് ശ്യാംലാൽ ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.

‘റാമോജി ഫിലിം സിറ്റിയിലെ ഫൗജി ഷൂട്ടിങ് സെറ്റിൽ നടന്ന സംഭവത്തിൽ ഉടൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് അഭ്യർഥിക്കുന്നു. രാജേഷ് ശർമയുടെ ദുരവസ്ഥയ്ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തണം. ജോലിസ്ഥലത്തെ സുരക്ഷ, ശുചിത്വം, അടിയന്തര മെഡിക്കൽ പ്രോട്ടോക്കോളുകൾ എന്നിവ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. നിർമാതാവിന്റേയോ പ്രൊഡക്ഷൻ ഹൗസിന്റേയോ മറ്റേതെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടേയോ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് കണ്ടെത്തണം.

അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ അശ്രദ്ധയോ കണ്ടെത്തിയാൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശനമായ നടപടിയെടുത്തണം. സിനിമയുടെ വലിപ്പമോ ബജറ്റോ പരിഗണിക്കാതെ കാരണക്കാരായ വ്യക്തികളേയും പ്രൊഡക്ഷൻ ഹൗസിനേയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കരുത്. രാജേഷ് ശർമയുടെ മുഴുവൻ ചികിത്സാ ചെലവും പ്രൊഡക്ഷൻ ഹൗസ് ഏറ്റെടുക്കണം. അദ്ദേഹം പൂർണമായും സുഖം പ്രാപിക്കുന്നത് വരെ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.’ -എഐസിഡബ്ല്യുഎ പ്രസ്താവനയിൽ പറഞ്ഞു.

രാജേഷ് ശർമയുടെ നില ഗുരുതരമായി തുടരുന്നു

അതേസമയം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രാജേഷ് ശർമയുടെ നില ഗുരുതരമായി തുടരുകയാണ്. ഏത് പ്രാണിയാണ് അദ്ദേഹത്തെ കടിച്ചതെന്ന് ഇനിയും വ്യക്തമല്ല. ചിലപ്പോൾ വിഷമുള്ള ചിലന്തിയാകാനും സാധ്യതയുണ്ടെന്നാണ് അനുമാനം. കടിയേറ്റ വലതുകാലിൽ കടുത്ത വേദനയും വീക്കവും ശ്വാസതടസവുമുണ്ടായി. കടിയേറ്റ് ആറുമണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. കാലിലെ അണുബാധ മുട്ട് വരെ ബാധിച്ചിട്ടുണ്ട്.

ഷൂട്ടിങ് അവസാനിച്ച ശേഷം ടെക്നീഷ്യന്മാരുമായി സംസാരിക്കവെയാണ് സംഭവമുണ്ടായത്. കാടുപിടിച്ച സ്ഥലത്തായിരുന്നു അദ്ദേഹം നിന്നിരുന്നത്. ആദ്യം ഗൗരവത്തിലെടുക്കാതിരുന്ന അദ്ദേഹം പിന്നീട് കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അടുത്ത അപ്ഡേറ്റ് വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!