സംസ്ഥാന സ്കൂൾ കലോത്സവം ‘അന്നത്തെ ഒന്നാംസ്ഥാനക്കാരി, ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി’; വീണ ജോർജിന്റെ ചിത്രംപങ്കുവെച്ച് എം.എല്‍.എ സ്റ്റീഫൻ

കൗമാരകലോത്സവത്തിന് കൊല്ലത്ത് തുടക്കമായിരിക്കുകയാണ്. അഞ്ചുനാൾ നീണ്ട കലാരവങ്ങൾക്കൊടുവിൽ സ്വർണക്കപ്പിൽ മുത്തമിടാൻ പോകുന്ന ജില്ല ഏതായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കലാപ്രേമികൾ. പലർക്കും കലോത്സവം പലതരം ഓർമകളുടേതാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനും കലോത്സവകാല ഓർമകൾ പങ്കുവെക്കാനുണ്ട്. ഇപ്പോഴിതാ എം.എൽ.എയായ അഡ്വ. ജി.സ്റ്റീഫൻ വീണ ജോർജിന്റെ പഴയൊരു കലോത്സവകാല ചിത്രം സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
1992-ൽ നടന്ന സ്കൂൾ കലോത്സവത്തിൽ മോണോആക്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ മന്ത്രിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അറുപത്തിരണ്ടാമത് സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരി തെളിയുമ്പോൾ, 1992-ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാംസ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്… ആരോഗ്യവകുപ്പ് മന്ത്രി സ:വീണാ ജോർജ് എന്ന കുറിപ്പോടെയാണ് സ്റ്റീഫൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
1991-ൽ കാസർകോട്ട് നടന്ന 31-ാമത് കലോത്സവത്തിലും വീണാ ജോർജ് പങ്കെടുത്തിരുന്നു. അന്ന് ഒമ്പതാംക്ലാസ്സുകാരിയായ വീണയ്ക്ക് രണ്ടാംസ്ഥാനമാണ് ലഭിച്ചത്. കൗരവസഭയിൽ അകപ്പെട്ടുപോയ പാഞ്ചാലിയുടെ ഭാവപ്രകടനങ്ങളാണ് തൊട്ടടുത്ത വർഷത്തെ മോണോആക്ടിൽ അവതരിപ്പച്ചത്. അതിന് ഒന്നാംസ്ഥാനവും ലഭിച്ചു.
1992 ഫെബ്രുവരി ആറിലെ മാതൃഭൂമി പത്രത്തിൽ വീണയെപ്പറ്റി വന്ന വാർത്ത
”മൈലപ്ര മാമുണ്ട ബഥനി ഇംഗ്ലീഷ് ഹൈസ്‌കൂൾ വിദ്യാർഥിനി വീണാ കുര്യാക്കോസിനെ 32-ാം സ്‌കൂൾ യുവജനോത്സവത്തിന്റെ മികവുള്ള കണ്ടുപിടുത്തങ്ങളിലൊന്നായി വിശേഷിപ്പിക്കണം. കൗരവസഭയിൽ പാഞ്ചാലിയെ വസ്ത്രാക്ഷേപംചെയ്യുന്ന രംഗം രസകരമായി അവതരിപ്പിച്ച് വീണ മടങ്ങുമ്പോൾ, പ്രേക്ഷകർ അവർക്ക് മനസ്സിൽ ഒന്നാംസമ്മാനം നൽകിക്കഴിഞ്ഞിരുന്നു. ദ്രൗപതിയുടെ നിസ്സഹായതയും ക്ഷോഭവും ദുശ്ശാസനന്റെ ധാർഷ്ട്യവും കർണന്റെ ക്രൂരമായ പരിഹാസവും ഭീഷ്മരുടെ ദയനീയമായ നിസ്സഹായതയും വീണ വാക്കുകളിലും ഭാവങ്ങളിലും ചലനങ്ങളിലും അനായാസം സാമർഥ്യപൂർവം പ്രതിഫലിപ്പിച്ചു. കഴിഞ്ഞവർഷത്തെ രണ്ടാംസമ്മാനക്കാരിയാണ് വീണ

