വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റെന്ന് ആക്ഷേപം: ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദന് നോട്ടീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വക്കീൽ നോട്ടീസ്. ഇത്തരമൊരു പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താസമ്മേളനം വിളിച്ച് എം.വി ഗോവിന്ദൻ മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയിൽ സമർപ്പിച്ചതെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഏഴ് ദിവസത്തിനകം ക്ഷമചോദിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
പത്രസമ്മേളനത്തിന് ശേഷം എം.വി ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. ഉച്ചയ്ക്ക് 12:30-ന് മാത്രം ഇറങ്ങിയ കോടതി വിധിയുടെ വിശദാംശങ്ങളിലാണ് താൻ പറഞ്ഞ കാര്യങ്ങളുള്ളതെന്ന് സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വ്യാജമാണ്. രാവിലെ 10.30-ന് ആണ് അദ്ദേഹം വാർത്താ സമ്മേളനം വിളിച്ചത്. ഉച്ചയ്ക്ക് വരാനിരിക്കുന്ന കോടതി വിധിയെക്കുറിച്ച് രാവിലെ പറയാൻ ഇദ്ദേഹം ത്രികാലജ്ഞാനിയാണോയെന്നും അബിൻ ചോദിച്ചു

