ചെമ്പരിക്കയിലും കുളവയലിലും ബിആർഡിസി വക പുതിയ റിസോർട്ട്; ടൂറിസം മേഖലയിൽ ജില്ലയിൽ പുതിയ സംരംഭം

കാസർകോട് ∙ ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്കയിലും അജാനൂർ പഞ്ചായത്തിലെ കുളവയലിലും ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷന്റെ (ബിആർഡിസി) സ്ഥലത്തു പുതിയ ഉടമസ്ഥതയിൽ റിസോർട്ട് വരുന്നു.
സ്വകാര്യ സംരംഭകരുമായി നേരത്തേയുള്ള കരാർ റദ്ദ് ചെയ്താണു പുതിയ സംരംഭകരുടെ നേതൃത്വത്തിൽ ഇവിടങ്ങളിൽ റിസോർട്ട് ആരംഭിക്കുക. 120 ഏക്കർ സ്ഥലം ഏറ്റെടുത്താണു ബിആർഡിസി 6 റിസോർട്ട് സംരംഭങ്ങൾക്കായി പാട്ടത്തിനു നൽകിയത്. എന്നാൽ 2 റിസോർട്ടുകൾ ഒഴികെ ബാക്കിയെല്ലാം പണി പാതിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
പണി പൂർത്തിയാക്കി പാട്ടത്തുക നൽകാതിരുന്നതിനാൽ 20 കോടിയിലേറെ രൂപയാണു ബിആർഡിസിക്ക് നഷ്ടം വന്നത്.
മലാംകുന്ന് റിസോർട്ട് നിർമാണം പുരോഗമിക്കുന്നു
താജ് ഹോട്ടൽ ഉടമകളായ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ (ഐഎച്ച്സിഎൽ) മറ്റൊരു ബ്രാൻഡായ ‘സെലക്യുഷൻസ്’ ഹോട്ടൽ 159 മുറികളുമായി മലാംകുന്നിലെ 30 ഏക്കറിൽ നിർമാണം പുരോഗമിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഗോപാലൻ എന്റർപ്രൈസസ് പണിയുന്ന റിസോർട്ടിന്റെ നടത്തിപ്പാണ് ഐഎച്ച്സിഎൽ ഏറ്റെടുക്കുന്നത്.
പുതിയ സംരംഭകരുമായി റിസോർട്ട് നിർമാണത്തിനു നടപടിയായ ചെമ്പരിക്കയിലെ ബിആർഡിസി സ്ഥലം.
ബിആർഡിസി ഏറ്റെടുത്തു
10 വർഷമായി റിസോർട്ട് നിർമാണം മുടങ്ങിക്കിടക്കുന്ന ചെമ്പരിക്ക സ്ഥലം ബിആർഡിസി തിരികെ പിടിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അന്വേഷണം നേരിടുന്ന പ്രവാസി വ്യവസായി തൃശൂർ സ്വദേശി സി.സി.തമ്പിയാണു നേരത്തേ ഇവിടെ സ്ഥലം പാട്ടത്തിനെടുത്തിരുന്നത്. ബിആർഡിസിക്കു കോടികൾ നഷ്ടം വരുത്തിയതിനാൽ സ്ഥലത്തിന്റെ റവന്യു റിക്കവറി നടപടികൾ പുരോഗമിക്കുകയാണ്.”

