KSDLIVENEWS

Real news for everyone

പാലക്കാട് നിന്ന് മംഗളൂരുവിനെ അടർത്തിയതിന് പിന്നിൽ BJP നേതാക്കളോ, അവകാശവാദങ്ങൾ,ഇടപെട്ടെന്ന് മന്ത്രി

SHARE THIS ON

കൊച്ചി: കേരളത്തിന് ഇരുട്ടടിനൽകി പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന്‌ മംഗളൂരുവിനെ അടർത്തിമാറ്റിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം. റെയിൽവേയുടെ ഈ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ കർണാടകയിലെ ബിജെപി നേതാക്കൾ അവകാശവാദങ്ങളുമായി മത്സരത്തിലാണ്. തങ്ങളുടെ ഇടപെടലിലാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന്‌ എംപിമാരടക്കമുള്ള ബിജെപി നേതാക്കൾ ഒന്നടങ്കം പറയുന്നു. തീരുമാനത്തിൽ തനിക്കുള്ള പങ്ക് വിശദീകരിച്ച് കൊണ്ട് കർണാടകക്കാരനായ കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണയും രംഗത്തെത്തിയിട്ടുണ്ട്.

ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പിന്നിൽ കർണാടകയിലെ ബിജെപി നേതാക്കളുടെ നിരന്തര സമ്മർദ്ദമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2024 ജൂലായിയിൽ മംഗളൂരു സന്ദർശിച്ചപ്പോൾ പൊതുജനങ്ങൾ ഈ ആവശ്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും ഇതിന്റെ ഭാഗമായിട്ട് നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നാണ് റെയിൽവേ സഹമന്ത്രി സോമണ്ണ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.

‘സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയുടെ ജനറൽ മാനേജർമാരുമായും കൊങ്കൺ റെയിൽവേയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായും ചർച്ചകളും നടത്തിയിരുന്നു. ഈ ദീർഘകാല പ്രശ്‌നത്തിന് പരിഹാരം കാണുക എന്നത് എന്റെ പ്രധാന മുൻഗണനകളിൽ ഒന്നായിരുന്നു. കർണാടകയുടെ നിർണായകമായ ഒരു സാമ്പത്തിക-തുറമുഖ കേന്ദ്രമെന്ന നിലയിൽ, മംഗളൂരുവിന്റെ റെയിൽവേ ശൃംഖലയെ പൊതുവായ ഒരു ഭരണപരിധിക്ക്‌ കീഴിൽ ലയിപ്പിക്കുന്നത് ബിസിനസ്സ് അനുകൂല സാഹചര്യം മെച്ചപ്പെടുത്തും’ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചുകൊണ്ട് സോമണ്ണ പ്രസ്താവനയിൽ കുറിച്ചു.

മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത് മുതൽ 2024 ജൂണിൽ ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാർ ഈ വിഷയം മുൻഗണനാടിസ്ഥാനത്തിൽ പരിഗണക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽ നിരവധി തവണ ഈ വിഷയം അവതരിപ്പിക്കുകയും പാർലമെന്ററി ഫോറങ്ങളിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.

മംഗലാപുരം റെയിൽവേ മേഖലയെ പൂർണ്ണമായും മൈസൂരു ഡിവിഷന് കീഴിലാക്കി മാറ്റിയ നടപടിയെ ഉഡുപ്പി ജില്ലാ ബിജെപിയും സ്വാഗതം ചെയ്തിട്ടുണ്ട്. തീരദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടതെന്ന് പാർട്ടി വ്യക്തമാക്കി.

അതേസമയം കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിനും കേരളത്തിനും മറ്റൊരു തിരിച്ചടിയാണ് മംഗലാപുരം. 2006-ൽ സേലം ഡിവിഷന്റെ രൂപവത്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പുതന്നെ ആശങ്കയിലാണ്. കർണാടകത്തിലെ പഴയ മൈസൂർപോലെ പേരിനൊരു ഡിവിഷൻ മാത്രമായി പാലക്കാട് മാറുമെന്ന ആശങ്ക റെയിൽവേ ജീവനക്കാരടക്കം പങ്കുവെക്കുന്നു.

മംഗളൂരു പോയാലും വെറും 18 കിലോമീറ്റർ റെയിൽപ്പാത മാത്രമേ പാലക്കാട് ഡിവിഷന് നഷ്ടമാവുന്നുള്ളൂവെന്ന വാദം ഇതിനകം എത്തിയിട്ടുണ്ട്. നേരത്തേ, സേലം ഡിവിഷൻ രൂപവത്കൃതമാവുമ്പോഴും ഒരുവിഭാഗം മുന്നോട്ടുവെച്ചത് സമാനമായ വാദമാണ്.

പോത്തനൂർ ഈസ്റ്റ്മുതൽ പാലക്കാടുവരെ 49 കിലോമീറ്ററാണുള്ളത്. പാലക്കാട്ടുനിന്ന് ഡിവിഷന്റെ പുതിയ അതിർത്തിയായ ഉള്ളാൾവരെ 351 കിലോമീറ്ററും. പാലക്കാട്-പൊള്ളാച്ചി പാത 58 കിലോമീറ്ററും ഷൊർണൂർ-നിലമ്പൂർ പാതയുടെ 66 കിലോമീറ്ററും ചേർത്താൽ 582.7 റൂട്ട് കിലോമീറ്റർ മാത്രമായി പാലക്കാട് ഡിവിഷൻ ഒതുങ്ങും. ഇടക്കാലത്ത് കേരളം പ്രത്യേക റെയിൽവേ സോണിനായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. വിസ്തൃതമായിരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ ഉത്തരകേരളത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതോടെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകയിലും കുറവുവന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!