ഞാൻ ഇറങ്ങി വന്നു എന്നത് സത്യം: ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല; അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഇൻസ്റ്റഗ്രാമിലെ മലയാളം കോണ്ടന്റ് ക്രിയേറ്റർമാരിൽ ശ്രദ്ധേയനാണ് അഖിൽ എൻആർഡി. അടുത്തിടെ പുതിയ ചിത്രമായ മഹാരാജ ഹോസ്റ്റലിലൂടെ സിനിമാ മേഖലയിലേക്കുകൂടി ചുവടുവെച്ചിരുന്നു. ഇതിനിടെ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സമൂഹ മാധ്യമ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് അഖിലിന്റെ ഭാര്യ മേഘ നായർ.
‘ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയിൽ ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി, അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ 1 ദിവസം കഴിഞ്ഞപ്പോൾ അനൂപിന്റെ വീട്ടിൽ തിരിച്ചു വന്നു. ഇപ്പോഴും ഞാൻ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല. ഞാൻ അവിടെ നിന്ന് ഇറങ്ങി വന്നതിന് എന്റേതായ കാരണങ്ങൾ ഉണ്ട്. അത് പബ്ലികിന്റെ മുന്നിൽ പറയാൻ യാതൊരു താൽപ്പര്യവും ഇല്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും, അത് ആരും വിശ്വസിക്കേണ്ട. എന്നായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.
ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ എന്ന ക്യാപ്ഷനോടു കൂടി അടുത്തിടെ മേഘ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. താൻ മറ്റാരുടേയും കൂടെയല്ലയെന്ന തരത്തിൽ അർത്ഥമാക്കുന്നതായിരുന്നു ഈ പോസ്റ്റ്. നിരവധി ചർച്ചകൾക്കും ഈ പോസ്റ്റ് വഴിവെച്ചിരുന്നു. എന്നാൽ പുറത്തുവന്ന പ്രചരണങ്ങൾക്കെല്ലാമുള്ള മറുപടിയാണ് മേഘയുടെ ഈ പോസ്റ്റ്.
അതേസമയം, ഉയർന്ന വിവാദങ്ങൾക്കിടയിലും ചിരിച്ചേ ചിരിച്ചേ എന്ന ക്യാപ്ഷനോടുകൂടി സൗഹൃങ്ങളെയും ബന്ധങ്ങളെയും ചൂഷണം ചെയ്യുന്നവരെ ട്രോളുന്ന വീഡിയോയുമായി അഖിൽ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായിരുന്നു. വീഡിയോ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങൾക്കിടയിലും റീലുകൾ പങ്കുവെച്ച് പഴയതു പോലെ അഖിൽ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമാണ്.

