KSDLIVENEWS

Real news for everyone

സാനിയയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്

SHARE THIS ON

ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീണ്ടും വിവാഹിതനായി പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക്. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് മാലിക്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷുഐബ് മാലിക്കുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. ‘ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാല്‍, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ’ എന്നു പറഞ്ഞായിരുന്നു താരം ഈ സ്റ്റോറി അവസാനിപ്പിച്ചത്.
മാലിക്ക് സ്വന്തം ഇന്‍സ്റ്റഗ്രാം ബയോയില്‍ വരുത്തിയ മാറ്റവും ചര്‍ച്ചയായിരുന്നു. സാനിയ മിര്‍സയെ പരാമര്‍ശിക്കുന്ന ഭാഗം റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ നിന്ന് മാലിക്ക് നീക്കിയിരുന്നു. ‘സാനിയ മിര്‍സ എന്ന സൂപ്പര്‍ വനിതയുടെ ഭര്‍ത്താവ്’ എന്നായിരുന്നു ബയോയില്‍ മാലിക്ക് കുറിച്ചിരുന്നത്. ഇതാണ് പിന്നീട് നീക്കം ചെയ്തത്.

2010-ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക് – സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും മകനായ ഇസാന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!