KSDLIVENEWS

Real news for everyone

കവചിത വാഹനം, മണ്ണുമാന്തി യന്ത്രങ്ങള്‍, ഹൈഡ്രോളിക് ക്രെയിനുകള്‍; വൻ സന്നാഹവുമായി കര്‍ഷകര്‍ അതിര്‍ത്തിയില്‍

SHARE THIS ON

ന്യൂഡല്‍ഹി: കർഷകസമരത്തിന്റെ ഭാഗമായുള്ള ഡല്‍ഹി ചലോ മാർച്ച്‌ ബുധനാഴ്ച 11-ന് പുനരാംരംഭിക്കാനിരിക്കെ അതിർത്തികേന്ദ്രങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി.

പഞ്ചാബ്-ഹരിയാണ അതിർത്തിയായ ശംഭുവില്‍ ബാരിക്കേഡുകള്‍ തകർത്ത് മുന്നേറാൻ ശ്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടിയത്. പോലീസ് സ്ഥാപിച്ച ബന്തവസ്സ് പൊളിക്കാൻ ഹൈഡ്രോളിക് ക്രെയിൻ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ കർഷകർ സജ്ജമാക്കിയിട്ടുണ്ട്.

കർഷകരുടെ ‘യുദ്ധടാങ്കുകള്‍’

പോലീസിന്റെ പ്രതിരോധത്തെ തകർക്കാനുള്ള വലിയ ഒരുക്കങ്ങളാണ് കർഷകർ നടത്തിയിരിക്കുന്നത്. യുദ്ധടാങ്കുകള്‍ക്കു സമാനമായി സജ്ജീകരിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ ശംഭു അതിർത്തിയിലേക്കെത്തിക്കുന്ന കർഷകരെയാണ് പ്രക്ഷോഭം ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കാണാനാവുന്നത്. പ്രതിഷേധത്തിന്റെ ആദ്യദിനങ്ങളില്‍ കർഷകർക്കുനേരെ വലിയ തോതിലുള്ള കണ്ണീർവാതക- റബ്ബർ ബുള്ളറ്റ് പ്രയോഗം പോലീസ് നടത്തിയിരുന്നു.

ഇതിനെ പ്രതിരോധിക്കാനായാണ് ഇരുമ്ബുഷീറ്റുകള്‍കൊണ്ട് പൊതിഞ്ഞ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ക്യാബിനു ചുറ്റും ഇരുമ്ബുഷീറ്റുകള്‍കൊണ്ട് കവചം തീർത്തിരിക്കുന്നതിനാല്‍ കണ്ണീർവാതക ഷെല്ലുകളെയും മറ്റും തരണംചെയ്ത് മുന്നോട്ടുപോകാനാവും. ലോറികളില്‍ അത്യാധുനിക യന്ത്രങ്ങള്‍ എത്തിക്കുന്ന കർഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കണ്ണീർവാതക ഷെല്ലുകളെ ചെറുക്കാൻ നനഞ്ഞ ചാക്ക്

കണ്ണീർവാതക ഷെല്ലുകളെ തടയാനായി വാഹനങ്ങളില്‍ നിരവധി ചാക്കുകളും കർഷകർ എത്തിച്ചിട്ടുണ്ട്. കണ്ണീർവാതക ഷെല്ലുകള്‍ക്കു മുകളിലേക്ക് നനഞ്ഞ ചാക്കുകള്‍ ഇട്ട് പുക തടയുകയാണ് കർഷകരുടെ പദ്ധതി. കണ്ണീർവാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കർഷകരുടെ പക്കലുണ്ട്.

നദി കടക്കാൻ മണല്‍ചാക്കുകള്‍കൊണ്ട് താല്‍ക്കാലിക പാലം

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച്‌ ശംഭു അതിർത്തിയിലെ ഘഗ്ഗർ നദി കർഷകർ മുറിച്ചുകടക്കാതിരിക്കാൻ നദിയിലെ മണലെടുത്ത് അടിത്തട്ടിന്റെ ആഴം കൂട്ടിയിരിക്കുകയാണ് പോലീസ്. എന്നാല്‍ മണല്‍ നിറച്ച ചാക്കുകളുമായി വാഹനങ്ങള്‍ അതിർത്തികളിലേക്ക് കർഷകർ എത്തിച്ചിട്ടുണ്ട്. വെള്ളത്തില്‍ മണല്‍ചാക്കുകള്‍ ഇട്ട് താല്‍കാലിക പാലം നിർമിച്ച്‌ നദിയിലൂടെ ഡല്‍ഹിയിലേക്ക് കടക്കാനാണ് കർഷകരുടെ നീക്കം.

ബാരിക്കേഡ് തകർത്താല്‍ നടപടിയെന്ന് പോലീസ്

ബാരിക്കേഡുകള്‍ തകർക്കാനായി കർഷകർ വലിയ സന്നാഹങ്ങള്‍ ഒരുക്കിയതായും അവരുടെ പക്കലുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കമുള്ളവ എത്രയും വേഗം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പോലീസിന് ഹരിയാണ പോലീസ് മേധാവി കത്തുനല്‍കി. ശംഭുവില്‍ തമ്ബടിച്ചിരിക്കുന്ന കർഷകർ, കുട്ടികളെയും സ്ത്രീകളെയും മുതിർന്ന പൗരന്മാരേയും ഉള്‍പ്പെടെ പ്രക്ഷോഭത്തിന്റെ മുന്നില്‍ നിർത്തിയേക്കുമെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കും. അതിനാല്‍ ബാരിക്കേഡുകള്‍ തകർക്കാൻ കർഷകർ ശ്രമിച്ചാല്‍ പോലീസിന് മറ്റു വഴികള്‍ ഇല്ലെന്നും നടപടി ഉറപ്പാണെന്നും ഹരിയാന ഡി.ജി.പി. അറിയിച്ചു. അതിനാല്‍ സ്ത്രീകളെയും കുട്ടികളെയും മുതിർന്ന പൗരന്മാരേയും സംഭവസ്ഥലത്തുനിന്നു സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ അതിർത്തിയിലേക്കുള്ള നീക്കം തടയാൻ പഞ്ചാബ് പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിർദേശം നല്‍കി.

പ്രധിരോധം തീർത്ത് സേനകള്‍

പഞ്ചാബ്- ഹരിയാണ അതിർത്തിയായ ശംഭുവില്‍ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പോലീസും അർധസൈനികവിഭാഗവും ഒരുക്കിയിരുക്കുന്നത്. ഡല്‍ഹിയിലേക്കുള്ള അതിർത്തികളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും കർഷകരെ ഡല്‍ഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്. അതിർത്തികളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍, മുള്ളുവേലികള്‍, ഷിപ്പിങ് കണ്ടെയിനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ ട്രാക്ടറുകളും മറ്റു വാഹനങ്ങളും തടയാനായി കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ആണികളും റോഡിനു മുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യേഗസ്ഥരുടെ വൻവിന്യാസമാണ് തലസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!