എനിക്ക് ജീവിക്കണം, പക്ഷേ യുവാക്കളുടെ ജീവിതം പകരംകൊടുക്കാനാകില്ല: സമരംനിർത്താൻ ഉപാധിവെച്ച് വാങ്ചുക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരേ ശിക്ഷാ നടപടികളോ പകപോക്കലോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയാൽ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സോനം വാങ്ചുക്. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രി സന്ദർശിച്ച് നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചതിന് കത്തിലൂടെ വാങ്ചുക് നന്ദി രേഖപ്പെടുത്തി. ചർച്ചകളിൽ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി അദ്ദേഹം പറഞ്ഞു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, വിഷയം പാർലമെന്റിൽ ചർച്ചചെയ്യുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വാങ്ചുക് മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകാതെ തനിക്ക് സമരം അവസാനിപ്പിക്കാനാകില്ലെന്നും വാങ്ചുക് വ്യക്തമാക്കി.
‘പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ നിയമ നടപടികൾക്കോ പ്രതികാര നടപടികൾക്കോ ഇരയാകില്ലെന്ന് സർക്കാർ വ്യക്തമായ ഉറപ്പ് നൽകണമെന്ന് ഞാൻ ആദരപൂർവ്വം അഭ്യർത്ഥിക്കുന്നു. നീതിയുക്തവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനുവേണ്ടി ശബ്ദമുയർത്തി എന്നതു മാത്രമാണ് അവർചെയ്ത കുറ്റം’, അദ്ദേഹം എഴുതി.
ജൂലൈ 20-ന് നടത്തിയ മാർച്ചിനേക്കുറിച്ച് പരാമർശിച്ച വാങ്ചുക്, പോലീസിന്റെ ഭാഗത്തുനിന്നുള്ള അക്രമങ്ങളും അമിതമായ ബലപ്രയോഗവും ഉണ്ടായിട്ടും പ്രക്ഷോഭം സമാധാനപരമായിരുന്നുവെന്ന് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർക്കെതിരെ നിയമനടപടികളോ പ്രതികാര നടപടികളോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ കക്ഷികളിൽനിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ തന്നെ ബന്ധപ്പെടുകയും നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തതായി വാങ്ചുക് വെളിപ്പെടുത്തി. ‘എനിക്ക് ജീവിക്കണം. എന്റെ വിദ്യാർഥികളുടെ അടുത്തേക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കും എന്റെ ജീവിതം തന്നെ സമർപ്പിച്ച മേഖലയിലേക്കും മടങ്ങിയെത്തണം. എന്നാൽ, ഈ പ്രസ്ഥാനം ആർക്കുവേണ്ടി തുടങ്ങിയോ ആ യുവജനങ്ങളുടെ വിലകൊടുത്ത് എനിക്കതിന് കഴിയില്ല’, വാങ്ചുക് കുറിച്ചു.
സർക്കാർ ഉറപ്പ് നൽകിയാൽ ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ, അനിശ്ചിതകാല നിരാഹാരം തുടരാൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രക്ഷോഭകർക്കെതിരെ പോലീസ് ബലപ്രയോഗം ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും വാങ്ചുക് സർക്കാരിനോട് അഭ്യർത്ഥിച്ചു.

