KSDLIVENEWS

Real news for everyone

യൂറോപ്പിലെങ്ങും യുക്രൈൻ അനുകൂല റാലി

SHARE THIS ON

ബെർലിൻ: യുദ്ധം രണ്ടുവർഷം പിന്നിട്ട പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലെല്ലാം ശനിയാഴ്ച യുക്രൈൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ബഹുജനറാലി നടന്നു. ബെർലിൻ, ലണ്ടൻ, പാരിസ് എന്നിവിടങ്ങളിൽനടന്ന റാലികളിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെതിരേയുള്ള പ്ലക്കാർഡുകളേന്തി ആയിരങ്ങൾ അണിചേർന്നു.


യുക്രൈൻ ജനതയുടെ അസ്തിത്വമില്ലാതാക്കാനാണ് ക്രൂരമായ അധിനിവേശത്തിലൂടെ പുതിൻ ശ്രമിക്കുന്നതെന്നും അതിന് തങ്ങൾ അനുവദിക്കില്ലെന്നും ബെർലിൻ മേയർ കയ് വെഗ്നെർ പറഞ്ഞു. ആയുധങ്ങളില്ലാതെ റഷ്യക്കുമുന്നിൽ പതറുന്ന യുക്രൈന് ദീർഘദൂര ബാലിസ്റ്റിക് മിസൈലായ ടോറസ് നൽകാൻ ജർമൻ ഭരണകൂടത്തോടും മേയർ ആവശ്യപ്പെട്ടു.

യുക്രൈന് 31.1 കോടി ഡോളർ സഹായവുമായി ബ്രിട്ടൻ


പീരങ്കിഷെല്ലുകളുൾപ്പെടെ, ആയുധനിർമാണം ത്വരപ്പെടുത്തുന്നതിനായി യുക്രൈന് 31.1 കോടി ഡോളറിന്റെ(ഏകദേശം 257 കോടി രൂപ) പുതിയ സാമ്പത്തികപാക്കേജ് ബ്രിട്ടൻ പ്രഖ്യാപിച്ചു. പ്രതിസന്ധികളേറെയുണ്ടായെങ്കിലും, 2022 ഫെബ്രുവരിയിൽ നടത്തിയ അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത വലിയഭാഗം പ്രദേശങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ചു. പക്ഷേ, നിലവിൽ അവർക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയില്ലാതെ യുദ്ധത്തിൽ ജയിക്കാനാവില്ല” -ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗ്രാൻഡ് ഷാപ്പ്‌സ് പറഞ്ഞു.

യുദ്ധത്തിന്റെ രണ്ടാംവാർഷികത്തിൽ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാനഡയും ഇറ്റലിയും അവരുമായി സുരക്ഷാകരാറിലൊപ്പിട്ടു. ഇക്കൊല്ലം യുക്രൈന് 2200 കോടി ഡോളറിന്റെ സഹായം നൽകുമെന്ന്‌ കാനഡ പ്രഖ്യാപിച്ചു. യുക്രൈനുള്ള പിന്തുണ കുറയ്ക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

റഷ്യയുടെ സുപ്രധാന സ്റ്റീൽപ്ലാന്റ് ആക്രമിച്ചെന്ന് യുക്രൈൻ

കീവ്:റഷ്യയുടെ ഏറ്റവും വലിയ സ്റ്റീൽപ്ലാന്റ് ഡ്രോണുകളുപയോഗിച്ച് ആക്രമിച്ചെന്ന് യുക്രൈൻ അവകാശപ്പെട്ടു. പടിഞ്ഞാറൻ ലിപെറ്റ്‌സ്ക് മേഖലയിലെ നൊവോലിപെറ്റ്‌സ്ക്(എൻ.എൽ.എം.കെ.) ഫാക്ടറിയാണ് ആക്രമിച്ചത്. പ്ലാന്റിൽ വലിയ തീപ്പിടിത്തമുണ്ടായതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ പ്രധാനമായും റഷ്യ നിർമിക്കുന്നത് ഈ പ്ലാന്റ് കേന്ദ്രീകരിച്ചാണെന്ന് യുക്രൈൻ സുരക്ഷാ സർവീസായ എസ്.ബി.യു. പറഞ്ഞു.

ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

സെക്യൂരിറ്റി-ഹെൽപ്പർ തസ്തികയിലേക്ക് റഷ്യൻ സൈന്യം ജോലിക്കെടുത്ത ഗുജറാത്തുകാരൻ യുദ്ധമേഖലയിൽ കൊല്ലപ്പെട്ടു. സൂറത്തുകാരനായ അഷ്‍വിൻഭായ് മംഗൂക്യ(23)യാണ് ബുധനാഴ്ച ഡൊണെറ്റ്‌സ്ക് മേഖലയിലുണ്ടായ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടത്. 2023 ഡിസംബറിലാണ് ഇയാൾ ജോലിക്കായി റഷ്യയിലേക്ക് പോയത്. മകനെ മടക്കിക്കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട് മംഗൂക്യയുടെ പിതാവ് ഏജന്റുവഴി റഷ്യയിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!