KSDLIVENEWS

Real news for everyone

മഴ കുറയുന്നു: കൃഷി വൈകുന്നു, വിളവെടുപ്പിനെ ബാധിക്കും; സമ്പദ് വ്യവസ്ഥയ്ക്കുവെല്ലുവിളി

SHARE THIS ON

മുംബൈ: ഇറാൻ യുദ്ധം അസംസ്കൃത എണ്ണവിലയിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുയർത്തിയ ആഘാതത്തിൽ ആശ്വാസമാകുമ്പോൾ അതിലും ഇരട്ടിയിലുള്ള മറ്റൊന്നിനു തുടക്കമാകുകയാണ്. എൽനിനോ പ്രതിഭാസത്തെത്തുടർന്ന് മഴ കുറയുന്നതാണ് പ്രതിസന്ധി.

കൃഷി വൈകുന്നു

ജൂൺ അവസാനിക്കുമ്പോഴും രാജ്യത്ത് കാലവർഷം ശക്തമായിട്ടില്ല. തെക്കുപടിഞ്ഞാറൻ കാലവർഷമാണ് രാജ്യത്തെ വാർഷിക മഴയുടെ 70 ശതമാനവും കൊണ്ടുവരുന്നത്. 28 ലക്ഷം കോടി രൂപയോളം വരുന്ന ഇന്ത്യൻ കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് നിർണായകമാണ് ഈ മഴ.

മഴകുറയുന്നത് കാർഷികവിപണിയിൽ മാത്രമല്ല, ഓഹരിവിപണിയിലും ഗ്രാമങ്ങളിലെ ആളുകളുടെ ഉപഭോഗത്തിലും ഉത്പന്ന വിപണിയിലുമെല്ലാം പ്രതിഫലിക്കും. ഏകദേശം 45,000 കോടി രൂപയാണ് ഗ്രാമീണ മേഖലയിലെ വായ്പകൾ. കൃഷി മോശമായാൽ ഈ വായ്പകൾ കിട്ടാക്കടത്തിലേക്കു നീങ്ങാം. അത് ബാങ്കിങ് മേഖലയ്ക്കും തിരിച്ചടിയാകും.

പണപ്പെരുപ്പം നിരീക്ഷണത്തിൽ

കാലവർഷത്തിന്റെ സ്വാധീനത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നാൽ പണപ്പെരുപ്പം കുതിച്ചുയരും. വിലക്കയറ്റത്തിൽ സമ്മർദം കൂടിയാൽ പലിശനിരക്കും ഉയർന്നുതുടങ്ങും. പണപ്പെരുപ്പം നാലു ശതമാനത്തിൽ നിലനിർത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.

ഇപ്പോഴിത് നാലുശതമാനത്തിനടുത്താണുള്ളത്. മഴയിൽ പത്തു ശതമാനം കുറവുണ്ടായാൽ ഉപഭോക്തൃ പണപ്പെരുപ്പം ഒരു ശതമാനം കൂടുമെന്നാണ് കണക്ക്. ജൂൺ 22 വരെയുള്ള കണക്കനുസരിച്ച് കാലവർഷത്തിൽ 43 ശതമാനംവരെയാണ് കുറവ്.

വിളവെടുപ്പിനെ ബാധിക്കും

പ്രതിസന്ധി നേരിടാൻ സർക്കാർ ഇതിനകം രാജ്യത്തെ 315 ജില്ലകളെ ദുർബല പ്രദേശങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 111 ജില്ലകൾക്ക് ഉയർന്ന മുൻഗണന നൽകുന്നു. അരിയുടെയും ഗോതമ്പിന്റെയും മികച്ച ശേഖരം ഇന്ത്യക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നുണ്ടെങ്കിലും പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.

എൽ നിനോ ലോകമെമ്പാടും ഭീഷണിയുയർത്തുന്നതിനാൽ ഭക്ഷ്യ എണ്ണ ഇറക്കുമതിയെയും ഇത് ബാധിച്ചേക്കാം. മഴ വൈകുന്നത് വിളവെടുപ്പിൽ തടസ്സങ്ങളുണ്ടാക്കാനും വിള നാശത്തിനും കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!