നൂറ്റാണ്ട് പഴക്കമുള്ള മരത്തിന് തീയിട്ടു; മനുഷ്യ മതിൽ തീർത്ത് പ്രതിഷേധം

ബോവിക്കാനം ∙ ടൗണിലെ നൂറു വർഷത്തിലേറെ പ്രായമുള്ള തണൽ മരം തീയിട്ടു നശിപ്പിക്കാൻ ശ്രമം. ചെർക്കള–ജാൽസൂർ റോഡരികിൽ കൃഷിഭവൻ റോഡിനു എതിർവശത്തുള്ള കൂറ്റൻ മഹാഗണി മരത്തിനാണു വെള്ളിയാഴ്ച രാത്രി തീപിടിച്ചത്. ചുവട്ടിൽ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ മരത്തിലേക്കു തീ ആളിപ്പടരുകയായിരുന്നു. കാസർകോട് നിന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി മുളിയാർ പുഞ്ചിരി ക്ലബ്, ബോവിക്കാനം ലയൺസ് ക്ലബ്, ഗാന്ധി രാമൻനായർ സ്മാരക വായനശാല തുടങ്ങിയ സംഘടനകൾ രംഗത്തെത്തി.
പൊലീസിൽ പരാതി നൽകുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് ബി.അഷ്റഫ് അറിയിച്ചു. 2008 ൽ ടൗൺ വികസനത്തിന്റെ ഭാഗമായി റോഡരികിലുള്ള തണൽമരങ്ങൾ മുറിച്ചുനീക്കാൻ ശ്രമിച്ചപ്പോൾ പുഞ്ചിരി ക്ലബ് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു സംരക്ഷിച്ച 20 ഓളം മരങ്ങളിലൊന്നാണിത്.
മനുഷ്യമതിൽ പ്രതിഷേധം
മരം നശിപ്പിക്കാൻ ശ്രമിച്ചതിൽ ബോവിക്കാനത്ത് മനുഷ്യമതിൽ തീർത്തു പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബി.സി.കുമാരൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, അംഗം അബ്ബാസ് കൊളച്ചെപ്പ്, ഇ.ജനാർദനൻ, മോഹൻ കുമാർ നാരന്തട്ട, കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.അഷ്റഫ്, മസൂദ് ബോവിക്കാനം, മൻസൂർ മല്ലത്ത്, ഷെരീഫ് കൊടവഞ്ചി, മണികണ്ഠൻ ഓമ്പയിൽ, രാജൻ മുളിയാർ എന്നിവർ പ്രസംഗിച്ചു.
പരാതിയുമായി പഞ്ചായത്ത്
മാലിന്യം പൊതുസ്ഥലത്ത് കത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുളിയാർ പഞ്ചായത്ത് സെക്രട്ടറി എ.ആർ.പ്രശാന്ത് കുമാർ പറഞ്ഞു. അരലക്ഷം രൂപ വരെ പിഴചുമത്താവുന്ന കുറ്റമാണിത്. മരത്തിനു തീയിട്ട സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

