KSDLIVENEWS

Real news for everyone

വിമാനത്താവളവും തുറമുഖവും അദാനി ഗ്രൂപ്പിന് കീഴിൽ
തലസ്ഥാനത്തിന്റെ വികസന ഭൂപടം മാറ്റാൻ അദാനിക്ക് കഴിയുമൊ ?

SHARE THIS ON

തിരുവനന്തപുരം : കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനിഗ്രൂപ്പ് നേരിട്ട തടസം നീങ്ങിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച്‌ പങ്കെടുത്ത ലേലത്തില്‍ രണ്ടാമതായിപ്പോയ ശേഷം, ലേലത്തില്‍ വിജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ സര്‍ക്കാര്‍ കേസ് കൊടുത്തതിനാല്‍ 18 മാസമായി കരാറൊപ്പിടാനായിരുന്നില്ല. തലസ്ഥാനത്തിന്റെ വികസനത്തിന് കുതിപ്പേകേണ്ട വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടമായത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏല്‍പ്പിച്ചതിനെ ഇടങ്കോലിടുന്നെങ്കിലും, കൈമാറ്റം നയപരമായ തീരുമാനമാണെന്നും, ലേലനടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് കോടതിയില്‍ സര്‍ക്കാരിന് പിടിവള്ളിയില്ലാതായത്. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേയില്ലാത്തതിനാല്‍ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിട്ടിരുന്നു. ഇതിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജിയും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ അദാനിക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ നിയമ തടസമില്ലെങ്കിലും, പാട്ടക്കരാര്‍ ഒപ്പിടുന്ന നടപടി പൂര്‍ത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ളതാണ് കരാര്‍. ടെര്‍മിനല്‍ വികസനത്തിനായി 18 ഏക്കര്‍ ഏറ്റെടുക്കലും ഉപേക്ഷിച്ചേക്കും. എന്നാല്‍ ഇപ്പോള്‍ ലഭിച്ച ഉത്തരവിന്റെ ആനുകൂല്യത്തില്‍ വിമാനത്താവള വികസനവുമായി മുന്നോട്ടു പോകുവാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. വിമാനത്താവള വികസനത്തിന് അദാനിയാണ് പണം മുടക്കേണ്ടത്. പ്രതിവര്‍ഷം 75കോടി പാട്ടത്തുക നല്‍കണം. സര്‍വീസുകളും യാത്രക്കാരെയും കൂട്ടിവേണം ഇത് തിരിച്ചുപിടിക്കാന്‍. വിദേശസ്വകാര്യ പങ്കാളിയുണ്ടായാല്‍ അടിസ്ഥാന സൗകര്യ വികസനവും ലോകോത്തര സൗകര്യങ്ങളുമുണ്ടായാല്‍ മാത്രമേ ഇത് സാദ്ധ്യമാവുകയുള്ളു.

തലസ്ഥാനം കപ്പല്‍ – വിമാന ഹബ്ബാകും

വിഴിഞ്ഞം തുറമുഖവും, തൊട്ടടുത്തായുള്ള വിമാനത്താവളവും ഒരു ബിസിനസ് ഗ്രൂപ്പിന് കീഴില്‍ വരുന്നത് തലസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കും. വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും ചേര്‍ന്നുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് ഇത് വഴി തെളിക്കും. ടൂറിസം മേഖലയിലിലും ഇത് പുത്തനുണര്‍വാകും. ചരക്കുനീക്കം സുഗമമാവുമെന്നും ഇതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം വളരുമെന്നും അദാനി പറയുന്നു. ക്രൂ എക്സ്‌ചേഞ്ചിനടക്കം വിഴിഞ്ഞം അന്താരാഷ്ട്ര ഭൂപടത്തില്‍ ഇടം പിടിച്ചിരിക്കയാണ്.

വിമാനത്താവളത്തിലെ അടിസ്ഥാന വികസനത്തിനാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നത്. വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടി ഫ്രീഷോപ്പ് ഏറ്റെടുത്ത് വലുതാക്കും. നെടുമ്ബാശേരിയില്‍ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാല്‍ നേരിട്ടു നടത്തുന്നുണ്ട്. പ്രതിവര്‍ഷം ലാഭം 250 കോടിയാണ്. കണ്ണൂര്‍ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെര്‍മിനലിലും ബാര്‍ തുടങ്ങാം. അന്താരാഷ്ട്ര ടെര്‍മിനലിലെ ബാര്‍ വിപുലീകരിക്കാം. കൂടുതല്‍ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങള്‍ തുറന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!