KSDLIVENEWS

Real news for everyone

കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണംതുടർന്ന് US; കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതുസംബന്ധിച്ചും പരാമർശം

SHARE THIS ON

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ വീണ്ടും പ്രതികരിച്ച് യു.എസ്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് പ്രചാരണം ബുദ്ധിമുട്ടിലായെന്ന കോൺഗ്രസ് ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യു.എസ് ചൂണ്ടിക്കാട്ടി. നേരത്തെ, ഇതേ വിഷയത്തിൽ യു.എസ്. വിദേശകാര്യ വക്താവ് പ്രതികരിച്ചതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് വീണ്ടും നിലപാട് ആവർ‌ത്തിച്ചിരിക്കുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റിലെ നിയമപ്രക്രിയ സുതാര്യവും സമയബന്ധിതവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രതികരിച്ചു. യു.എസിന്റെ ഇന്ത്യയിലെ മിഷന്‍ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഗ്ലോറിയ ബെര്‍ബെനയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ബുധനാഴ്ച പ്രതിഷേധം അറിയിച്ചത്. ഇന്ത്യയിലെ നിയമനടപടികളെക്കുറിച്ചുള്ള യു.എസ്. വക്താവിന്റെ പ്രതികരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് മന്ത്രാലയം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ ജര്‍മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ജര്‍മന്‍ മിഷന്‍ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച് 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡി.യുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!