കാസർകോട് ട്രെയിനില്‍ നിന്ന് തെറിച്ചും പ്ലാറ്റ് ഫോമിനിടയില്‍ വീണും രണ്ടുപേര്‍ മരിച്ചു

കാസർകോട്: ഓടുന്ന ട്രെയിനില്‍നിന്ന് തെറിച്ചുവീണും അതേ വണ്ടിയുടെയും പ്ലാറ്റ്ഫോമിന്റെയും ഇടയില്‍ പാളത്തിലേക്ക് വീണും വിദ്യാർഥിയും യുവാവും മരിച്ചു. ഒഡിഷ സ്വദേശിയും മംഗളൂരുവില്‍ പെട്രോള്‍പമ്ബില്‍ ജോലിക്കാരനുമായ സുശാന്ത് (41), കാസർകോട് റെയില്‍വേ സ്റ്റേഷനില്‍വെച്ചും മംഗളൂരു പി.എ കോളജ് എൻജിനീയറിങ് വിദ്യാർഥിയും കൂത്തുപറമ്ബ് സ്വദേശിയുമായ റെനിം (19) കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനടുത്തുവെച്ചുമാണ് അപകടത്തില്‍പെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ച രണ്ടോടെ മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗളൂരു -ചെെന്നെ മെയിലില്‍നിന്നാണ് അപകടം. കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോള്‍ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. അപകടത്തെ തുടർന്ന് യാത്രക്കാർ വണ്ടിയുടെ ചങ്ങല വലിച്ച് നിർത്തുകയായിരുന്നു. മൃതദേഹത്തില്‍നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാർഡാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. പാളത്തില്‍ കുടുങ്ങിയ മൃതദേഹം പൊലീസെത്തി കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതേ ട്രെയിനില്‍നിന്ന് വാതിലിനരികില്‍ നില്‍ക്കുകയായിരുന്ന റെനിം തെറിച്ചുവീണ് കാണാതാകുകയായിരുന്നു. ഷിറിയ പുഴയുടെയും കാസർകോടിന്റെയും ഇടയില്‍നിന്നാണ് വിദ്യാർഥിയെ കാണാതായതെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി പറഞ്ഞു. സംഭവം അറിഞ്ഞയുടനെ കുമ്ബള ഭാഗത്ത് പ്രദേശവാസികളും പൊലീസും ചേർന്ന് തിരച്ചില്‍ ആരംഭിച്ച് ആറ് മണിക്കൂറിന് ശേഷം പന്നിക്കുന്നിലെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം അതിഥി മന്ദിരത്തിന്റെ പിറകിലുള്ള റെയില്‍വേ പാളത്തിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ട്രെയിൻ അരമണിക്കൂറോളം വൈകി.

