ഗൾഫിലുള്ള ഭർത്താവ് എത്തിയത് 4 ദിവസം മുൻപ്, ഗർഭിണിയാണെന്ന വിവരം യുവതി വീട്ടുകാരെ അറിയിച്ചില്ല; പിന്നീട് കണ്ടത് ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം

നിലമ്പൂർ: മാലിന്യം തള്ളുന്ന ബക്കറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടപ്പോൾ സുലൈഖ ഞെട്ടിത്തരിച്ചു. ഓടിച്ചെന്ന് സ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടറെ വിവരം അറിയിച്ചു. ആശുപത്രിക്കു പുറത്തെ ശുചിമുറികൾ പതിവുപോലെ രാവിലെ 9.30ന് വൃത്തിയാക്കാൻ എത്തിയതാണ് സുലൈഖ. ബക്കറ്റിന്റെ അടപ്പ് തുറന്നപ്പോഴാണ് ഉള്ളിൽ, തലതാഴ്ത്തിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം കാണുന്നത്. ഡോക്ടർ വന്നുനോക്കിയ ശേഷം നിലമ്പൂർ പൊലീസിൽ വിവരം അറിയിച്ചു. 4.45ന് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ്, ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രി വളപ്പിലെ ശുചിമുറിയിലാണ് പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്.
ആശുപത്രി ശുചിമുറിയിലെ മാലിന്യ ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
നിലമ്പൂർ (മലപ്പുറം) ∙ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ് ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രി വളപ്പിലെ ശുചിമുറിയിലാണ് പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്.
27ന് അർധരാത്രി രക്തസ്രാവത്തിനു ചികിത്സ തേടി ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം യുവതി ആശുപത്രിയിലെത്തിയിരുന്നു. വനിതാ ഡോക്‌ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോകാൻ ജീവനക്കാർ നിർദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിച്ചു. പ്രസവിച്ച വിവരം യുവതി ഡോക്‌ടറോടു പറഞ്ഞില്ല.
ഇന്നലെ രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു വിവരം ലഭിച്ചു. പരിശോധനയിൽ പ്രസവിച്ചതായി തെളിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിച്ചു. ചാപിള്ളയായിരുന്നെന്നാണു മൊഴി. യുവതിയുടെ മൂന്നാമത്തെ പ്രസവമാണ്. യുവതിയും 2 കുട്ടികളും ഭർത്താവിന്റെ വീട്ടിലല്ല താമസം. ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഗൾഫിലുള്ള ഭർത്താവ് 4 ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. രക്തസ്രാവമുള്ളതിനാൽ യുവതി ആശുപത്രി പേവാർഡിൽ വനിതാ പൊലീസിന്റെ കാവലിലാണ്.

