ഗാസയിൽ ഇസ്രയേലി വ്യോമാക്രമണത്തില്‍ എഴ് സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കയ്റോ: ഗാസയില്‍ ഭക്ഷണവിതരണത്തിനു നേതൃത്വം നല്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ വേള്‍ഡ് സെൻട്രല്‍ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയ, പോളണ്ട്, ബ്രിട്ടൻ, യുഎസ്-കാനഡ, പലസ്തീൻ പൗരന്മാരാണു മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗാസയിലെ പ്രവർത്തനം നിർത്തിവയ്ക്കുന്നതായി സംഘടന അറിയിച്ചു. ആക്രമണം മനഃപൂർവമായിരുന്നില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. കപ്പല്‍വഴി എത്തിച്ച നൂറു ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സെൻട്രല്‍ ഗാസയിലെ ദെയിർ അല്‍ ബലാ ഗോഡൗണില്‍ ഇറക്കി മടങ്ങുന്പോഴാണ് ഇവർ സഞ്ചരിച്ച മൂന്നു വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടത്. വാഹനവ്യൂഹത്തിന്റെ സഞ്ചാരപഥം ഇസ്രേലി സേനയെ അറിയിച്ചിരുന്നതാണെന്നു വേള്‍ഡ് സെൻട്രല്‍ കിച്ചണ്‍ അറിയിച്ചു. സംഘടനയുടെ ലോഗോ പതിപ്പിച്ച ബുള്ളറ്റ്പ്രൂഫ് കവചം പ്രവർത്തകർ ധരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ദുഷ്കരദൗത്യത്തിനൊടുവില് എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. റാഫ അതിർത്തിവഴി ഈജിപ്തിലേക്കു കടത്തി സ്വദേശത്ത് എത്തിക്കാനാണു പദ്ധതി. നിരപരാധികള്‍ കൊല്ലപ്പെട്ട ആക്രമണം മനഃപൂർവമായിരുന്നില്ലെന്നു നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ ഇതു സംഭവിക്കുമെന്നും ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടതു ചെയ്യുമെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേർത്തു. ദാരുണസംഭവത്തിനു വഴിവച്ച സാഹചര്യങ്ങള്‍ വ്യക്തമാകാനായി ഉന്നതതല അന്വേഷണം ആരംഭിച്ചതായി ഇസ്രേലി സേനാ വക്താവ് ഡാനിയല്‍ ഹാഗാരി അറിയിച്ചു. ഒക്ടോബറില്‍ യുദ്ധമാരംഭിച്ചശേഷം ഗാസയില്‍ നാലേകാല്‍ക്കോടി ഭക്ഷണപ്പൊതികള്‍ വേള്‍ഡ് സെൻട്രല്‍ കിച്ചണ്‍ വിതരണം ചെയ്തിട്ടുണ്ട്. സൈപ്രസില്‍നിന്നു കപ്പല്‍വഴി ഗാസയില്‍ ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനങ്ങളില്‍ സംഘടന പങ്കാളിയായിരുന്നു.

