ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയേറിയതല്ല എന്റെ മക്കളുടെ രക്തം… ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്

ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയേറിയതല്ല തന്റെ മക്കളുടെ രക്തമെന്നും ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യ. ഹനിയ്യയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. ‘എന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി വെടിനിർത്തല്‍ ചർച്ചകളില്‍ ഹമാസിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നതെങ്കില്‍ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാള്‍ വിലയുള്ളതല്ല എന്റെ മക്കളുടെ രക്തം… ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്. ബന്ധുക്കളെയും വീടുകളെയും ഇസ്രായേല്‍ ലക്ഷ്യംവെച്ചാലും ഫലസ്തീൻ നേതാക്കള്‍ പോരാട്ടത്തില്‍ നിന്ന് പിൻവാങ്ങില്ല. രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങള്‍ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങള്‍ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നല്‍കും’ -ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. നിലവില്‍ ഖത്തറിലെ ദോഹയില്‍ കഴിയുന്ന ഇസ്മാഈല്‍ ഹനിയ്യ തന്റെ മക്കളുടെ വിയോഗ വാർത്തയറിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗസ്സയില്‍ നിന്ന് ദോഹയിലെ ആശുപത്രിയിലെത്തിച്ച പരിക്കേറ്റ ആളുകളെ സന്ദർശിക്കുന്നതിനിടെയാണ് ഇസ്മാഈല്‍ ഹനിയ്യ മക്കളെയും പേരക്കുട്ടികളെയും ഇസ്രായേല്‍ വധിച്ച വിവരമറിയുന്നത്. ‘അല്ലാഹു അവരുടെ പാത എളുപ്പമാക്കട്ടെ’ എന്നായിരുന്നു ഹനിയ്യയുടെ വാക്കുകള്‍.

