KSDLIVENEWS

Real news for everyone

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ എട്ട് മണ്ഡലങ്ങളിലേക്ക് ;
മുന്നണികളിൽ അനൗദ്യോഗിക ചർച്ചകൾ സജീവം ; മദ്ധ്യ തിരുവിതാംകൂർകാരുടെ വിധിയെഴുത്ത് നിർണായകം

SHARE THIS ON

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായതോടു കൂടി എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ ആര് സ്ഥാനാര്‍ത്ഥികളാവും എന്ന ചര്‍ച്ച ഇപ്പോഴേ പാര്‍ട്ടികളും പ്രവര്‍ത്തകരും ആരംഭിച്ചു കഴിഞ്ഞു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി എന്നീ നിയോജക മണ്ഡലങ്ങളിലാണ് പോരാട്ടം കനക്കുക.

മണ്ഡലങ്ങള്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും

ജോസ് കെ. മാണി യു.ഡി.എഫ് വിട്ടതോടെ ഒഴിവ് വരുന്ന സീറ്റുകളില്‍ ഒരുപോലെ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആഗ്രഹം മുന്‍കൂട്ടി കണ്ടാണ് സീറ്റുകള്‍ക്കായി ജോസഫ് അവകാശവാദം ഉന്നയിച്ച്‌ ഒരു മുഴം മുമ്ബേ നീട്ടിയെറിഞ്ഞത്.

പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാലാ മണ്ഡലത്തില്‍ മാണി സി. കാപ്പന്‍ വരാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആലോചന കോണ്‍ഗ്രസില്‍ സജീവമായുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് തന്നെ പാലായില്‍ മത്സരിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, ടോമി കല്ലാനി എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസിന്റെ അനൗദ്യോഗിക ചര്‍ച്ചകളില്‍ സജീവമായുളള പേരുകള്‍.

ഏറ്റുമാനൂര്‍ സീറ്റിനു വേണ്ടി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ശ്രമിക്കുന്നത്. മുന്‍ മന്ത്രി കെ.സി. ജോസഫ്, ലതികാ സുഭാഷ്, ടോമി കല്ലാനി, ജി. ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് നിലവില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് നല്‍കിയാല്‍ പ്രിന്‍സ് ലൂക്കോസിന്റെ പേരിനാണ് മുന്‍ഗണന.

കാഞ്ഞിരപ്പളളിയില്‍ ഡി.സി.സി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പ്, ജോസഫ് വാഴക്കന്‍, ടോമി കല്ലാനി എന്നിവരുടെ പേരുകള്‍ ചര്‍ച്ചകളിലുണ്ട്. കോണ്‍ഗ്രസിന് താത്പര്യമുളള മറ്റൊരു സീറ്റായ ചങ്ങനാശേരിയില്‍ കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്. ജോസഫ് വിഭാഗമാണ് മത്സരിക്കുന്നതെങ്കില്‍ സി.എഫ്. തോമസിന്റെ മകള്‍ സിനി തോമസ്, സി.എഫ്. തോമസിന്റെ സഹോദരനും നഗരസഭാ അദ്ധ്യക്ഷനുമായ സാജന്‍ ഫ്രാന്‍സിസ്, വി.ജെ. ലാലി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

കരുത്ത് കാട്ടാന്‍ ജോസ്

പാലാ മണ്ഡലത്തില്‍ ജോസ് കെ. മാണി തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്താനാണ് കൂടുതല്‍ സാദ്ധ്യത. പാലായില്‍ ജോസ് കെ. മാണി ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ തോല്‍പ്പിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ മണ്ഡലം ഇപ്പോഴേ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്. ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന്‍ പാലാക്ക് എത്തിയേക്കും. അതിനുളള സാദ്ധ്യത വിരളമാണ്.

പാലാക്കൊപ്പം തന്നെ തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം വിശ്വസിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെയും ജോസ് കെ. മാണിയുടെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലുണ്ട്. മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ സഖറിയാസ് കുതിരവേലില്‍ എന്നിവരുടെ പേരുകളും ജോസ് കെ. മാണി വിഭാഗത്തിന്റെ പരിഗണനയിലുണ്ട്.

എല്‍.ഡി.എഫില്‍ നിലവില്‍ സി.പി.ഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ആര്‍ക്ക് ലഭിക്കും എന്നതില്‍ നിലവില്‍ തീരുമാനമായിട്ടില്ല. ജോസ് കെ. മാണി വിഭാഗത്തിന് തന്നെ ലഭിച്ചാല്‍ നിലവിലെ എം.എല്‍.എ ഡോ. എന്‍ ജയരാജ് തന്നെ മത്സരിക്കും.

കഴിഞ്ഞ തവണ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പൂഞ്ഞാറില്‍ ഇക്കുറി എല്‍.ഡി.എഫിന് വേണ്ടി പട നയിക്കുക ജോസ് വിഭാഗമായിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാദ്ധ്യതകളില്‍ മുമ്ബില്‍.

ചങ്ങനാശേരിയില്‍ വിജയിക്കുക എന്നത് ജോസ് വിഭാഗത്തിന്റെ അഭിമാന പ്രശ്‌നമാണ്. കെ.എം മാണിയുടെ വിശ്വസ്‌തനും മുതിര്‍ന്ന നേതാവും എം.എല്‍.എയുമായിരുന്ന സി.എഫ്. തോമസ് ജോസഫ് പക്ഷത്തേക്ക് മാറിയത് വലിയ ക്ഷീണമാണ് സമ്മാനിച്ചത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ജോസ് വിഭാഗം ഇപ്പോഴേ സ്ഥാനാര്‍ത്ഥി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ജോബ് മൈക്കിള്‍, പ്രൊഫ. സാജോ സെബാസ്റ്റ്യന്‍ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

തൊടുപുഴയില്‍ നിലവില്‍ സി.പി.എം ആണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സാദ്ധ്യത കുറവാണ്. എന്നാല്‍, പി.ജെ. ജോസഫിനെതിരെ ജോസ് വിഭാഗം തന്നെ മത്സരിക്കട്ടെ എന്ന് എല്‍.ഡി.എഫ് തീരുമാനിച്ചാല്‍ കെ.ഐ ആന്റണിക്കാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!