KSDLIVENEWS

Real news for everyone

സമയമാകുമ്ബോള്‍ ഇറാന് കനത്ത മറുപടി നല്‍കും – മന്ത്രി ബെന്നി ഗാന്റ്സ് ; എന്നാൽ ഇറാനെ അക്രമിക്കുന്നതിൽ പങ്കാളിയാകില്ലെന്ന് അമേരിക്ക

SHARE THIS ON

തേല്‍ അവീവ്: ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന് തക്കസമയത്ത് മറുപടി നല്‍കുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ്. പ്രാദേശികമായി സഖ്യം രൂപീകരിച്ചതിന് ശേഷം തക്ക സമയത്ത് ഇറാനെ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളിയാകില്ലെന്ന് അമേരിക്ക ഇസ്രായേലിനെ അറിയിച്ചു. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഇസ്രായേലിലേക്ക് ഇറാൻ മിസൈല്‍ ആക്രമണം നടത്തിയത്. തെല്‍ അവീവ്, ജറൂസലം ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും ഉണ്ടായതായാണ് റിപ്പോർട്ട്. എന്നാല്‍ ഇറാൻ തൊടുത്ത ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകളില്‍ ഭൂരിഭാഗവും തടയാൻ സാധിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്. ഇറാനില്‍ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖില്‍നിന്നും യെമനില്‍നിന്നും മിസൈല്‍ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആക്രമണത്തില്‍ തെക്കൻ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതില്‍ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് റിയർ അഡ്. ഡാനിയേല്‍ ഹഗാരി അറിയിച്ചു. ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ നൂറുകണക്കിന് പേർ ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ പ്രകടനം നടത്തി. ദേശീയ പതാകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ആക്രമണങ്ങളുടെ പശ്ചാത്താലത്തില്‍ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത അടച്ചു. ഗോലൻ കുന്നുകളിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാൻ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഹുർമൂസ് കടലിടുക്കില്‍നിന്ന് ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പല്‍ ഇറാൻ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാൻ നേരിട്ടുള്ള ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!