KSDLIVENEWS

Real news for everyone

ഇറാന്റെ ആക്രമണം: ഇസ്രായേല്‍ വെളിപ്പെടുത്തിയതിനേക്കാള്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക് ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെ യുദ്ധങ്ങളിലും തീവ്രവാദത്തിലും ഗവേഷണം നടത്തുന്ന വിദഗ്ധൻ ഒറി വിയല്‍കോവിനെ ഉദ്ധരിച്ച്‌ ഇസ്രായേലി പത്രമായ ‘മാരിവ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ‘ട്രൂ പ്രോമിസ്’ ഓപ്പറേഷനില്‍ ഏകദേശം 185 ‘ഷാഹെദ് 136’ ഡ്രോണുകളും അവയുടെ ജെറ്റ് പവർ പതിപ്പായ ‘ഷാഹെദ് 238’ ഉം വിക്ഷേപിച്ചിട്ടുണ്ടെന്ന് വിയാല്‍കോവ് പറഞ്ഞു. ഈ ഡ്രോണുകള്‍ക്ക് മണിക്കൂറില്‍ 500 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ഇറാനിയൻ സൈന്യം ഡസൻ കണക്കിന് ക്രൂയിസ് മിസൈലുകളും 110 ബാലിസ്റ്റിക് മിസൈലുകളുമാണ് വിക്ഷേപിച്ചത്. ഏജിസ് മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിച്ച അമേരിക്കൻ യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ച്‌ യു.എസ് സൈന്യം കുറഞ്ഞത് ആറ് മിസൈലുകളെങ്കിലും തടഞ്ഞിട്ടു. ഇറാനിലെ വിവിധ വിക്ഷേപണ കേന്ദ്രങ്ങളില്‍ നിന്നായാണ് ഇസ്രായേലിന് നേരെ നിരവധി ദീർഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. അതേസമയം, ഈ ഓപ്പറേഷനില്‍ ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ലെന്ന് വിയാല്‍കോവ് വ്യക്തമാക്കി. ഇറാൻ്റെ കൈവശം ഏകദേശം 3000 ബാലിസ്റ്റിക് മിസൈലുകളുണ്ട്. ഇതില്‍ ഏകദേശം 800 മുതല്‍ 1000 വരെ മിസൈലുകള്‍ക്ക് ഇസ്രായേലിലേക്ക് എത്താൻ കഴിയും. ഖൈബർ, ഇമാദ്, ഗദ്ർ 110 തുടങ്ങിയ മിസൈലുകളാണ് ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്. 500 കിലോഗ്രാം ഭാരമുള്ള ഖൈബർ മിസൈലിന് 1450 കിലോമീറ്റർ ദൂരപരിധിയുണ്ട്. 750 കിലോഗ്രാം ഭാരമുള്ള ഇമാദിന്റെ ദൂരപരിധി 2500 കിലോമീറ്ററാണ്. ഗദ്ർ 110ന്റെ പരിധി 1800-2000 കിലോമീറ്റർ വരെയാണ്. 650 മുതല്‍ 1000 കിലോഗ്രാം വരെയാണ് ഇതിന്റെ ഭാരം. ഇതിന് പുറമെ 2000 കിലോമീറ്റർ റേഞ്ചും 700 കിലോഗ്രാം ഭാരവുമുള്ള ‘ഷഹാബ് 3ബി’യും ഉപയോഗിച്ചിരിക്കാമെന്ന് വിയാല്‍കോവ് വ്യക്തമാക്കി. 2500 കിലോമീറ്റർ ദൂരപരിധിയും 1500 കിലോഗ്രാം ഭാരവുമുള്ള ‘സെജില്‍’, 2000 കിലോമീറ്റർ ദൂരപരിധിയും 1800 കിലോഗ്രാം ഭാരവുമുള്ള “ഖോറാംഷഹർ” എന്നീ നൂതന മിസൈലുകള്‍ ഇറാൻ ഉപയോഗിച്ചിട്ടില്ല. ഇവയെല്ലാം ഭാവിയിലുള്ള ഓപ്പറേഷനുകള്‍ക്കായി കരുതിവെച്ചതാകാം. ഇറാൻ സൈന്യം മൂന്ന് പ്രധാന സൈനിക താവളങ്ങളാണ് ആക്രമിച്ചത്. ഹെർമോണ്‍, നെവാറ്റിം, റാമോണ്‍ എന്നീ ബേസുകളാണ് ആക്രമിച്ചതെന്നും വിയാല്‍കോവ് കൂട്ടിച്ചേർത്തു. അതേസമയം, നെവാറ്റിം എയർബേസിന് മാത്രമാണ് ചെറിയ കേടുപാട് സംഭവിച്ചതെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹെർമോണ്‍ ബേസിന് സമീപത്തെ റോഡ് തകർന്നെന്നും റാമോണ്‍ ബേസിനെ ഒട്ടും ബാധിച്ചിട്ടില്ലെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം. അഞ്ച് ഇറാനിയൻ മിസൈലുകളാണ് നെവാറ്റിമില്‍ പതിച്ചത്. യാത്രാവിമാനം, റണ്‍വേ, കെട്ടിടം എന്നിവക്ക് ആക്രമണത്തില്‍ കേടുപാട് സംഭവിച്ചു. ഇവിടേക്ക് വന്ന ഒമ്ബത് മിസൈലുകളെയാണ് ഇസ്രയേലി വ്യോമ വിരുദ്ധ സംവിധാനങ്ങള്‍ തകർത്തത്. റാമോണ്‍ ബേസിന് സമീപത്തായി അഞ്ച് മിസൈലുകള്‍ പതിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഡിമോണ ന്യൂക്ലിയർ റിയാക്ടറിലെ കെട്ടിടത്തില്‍ ഒരു ആക്രമണവും സമീപത്ത് രണ്ട് ആക്രമണവും നടന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ മനസ്സിലായതായും വിയാല്‍കോവ് പറഞ്ഞു. ഗുണനിലവാരം കുറഞ്ഞ ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് വിശകലനങ്ങള്‍ നടത്തിയത്. ഉയർന്ന ഗുണമേന്മയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ നാശനഷ്ടങ്ങള്‍ നിർണയിക്കാൻ കഴിയൂ. ഇറാന്റെ 84 ശതമാനം മിസൈലുകള്‍ മാത്രമേ ഇസ്രായേലിന് തടയാൻ സാധിച്ചത്. ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത് 99 ശതമാനവും പ്രതിരോധിച്ചുവെന്നാണ്. ഇത് ശരിയല്ലെന്നും വിയാല്‍കോവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!