KSDLIVENEWS

Real news for everyone

മേയർക്കെതിരായ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ, അന്വേഷണത്തിന് ഉത്തരവ്

SHARE THIS ON

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് കമ്മിഷൻ ഉത്തരവിട്ടു.


തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്.


മേയ് ഒമ്പതിന് തിരുവനന്തപുരത്തെ കമ്മിഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ.എച്ച്. യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി. ഇവർ ഏപ്രിൽ 27-ന് യദു ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തുവെന്നും യദു പരാതിയിൽ ആരോപിച്ചു. അന്ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്.എച്ച്. ഒയ്ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയിൽ പറഞ്ഞു.

കന്റോൺമെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യദുവിന്റെ മറ്റൊരാവശ്യം. ഒന്നു മുതൽ അഞ്ചു വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!