ഹോര്‍മുസ് തുറക്കാം, ഏഴ് ദിവസത്തിനകം യുഎസ് വെടിനിര്‍ത്തല്‍ നടപ്പാക്കണം: സംഘര്‍ഷം അവസാനിപ്പിക്കാൻ ഏഴ് ദിവസത്തെ പദ്ധതിയുമായി ഇറാൻ

ന്യൂയോർക്ക്: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പല്‍ പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ഏഴ് ദിവസത്തേക്കുള്ള പദ്ധതി യുഎസിന് മുൻപില് സമർപ്പിച്ചിട്ടുണ്ടെന്ന് ഇറാൻ.
ന്യൂയോർക്കില്‍ വെച്ചുനടക്കുന്ന യുഎൻ പൊതുസഭയില്‍ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അമേരിക്കൻ മാധ്യമങ്ങള്‍ വഴി അറിയിച്ചത്. ജൂണില്‍ വാഷിങ്ടണ്‍-തെഹ്റാൻ സർക്കാരുകള്‍ തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ ഈ ഏഴ് ദിവസപദ്ധതികളും ഉണ്ടായിരുന്നതായി അരാഗ്ചി പറഞ്ഞു.
‘ചില നിർദേശങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രം ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കും. ഏഴ് ദിവസത്തേക്കുള്ള ഒരു പദ്ധതി ഞങ്ങള്‍ മധ്യസ്ഥർ മുഖേനെ അമേരിക്കക്ക് കൈമാറിയിട്ടുണ്ട്. സമാധാനശ്രമങ്ങളുടെ ഭാവി ഇനി അമേരിക്കയുടെ തീരുമാനത്തിലാണുള്ളത്.’ അരാഗ്ചി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതാപരമായ സൈനികനീക്കങ്ങള്‍ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്നുമുള്ള നിർദേശങ്ങള്‍ ധാരണാപത്രത്തിലുണ്ടെന്നാണ് വിവരം. യുഎൻ പൊതുയോഗമാരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചയില്‍ ഇതേസംബന്ധിച്ചുള്ള നിർദേശങ്ങള്‍ മധ്യസ്ഥർ മുഖാന്തരം അമേരിക്കക്ക് കൈമാറിയെന്നും അരാഗ്ചി വ്യക്തമാക്കി.
ലോകരാജ്യങ്ങളുടെയും വാണിജ്യകപ്പലുകളുടെയും സുപ്രധാന കടല്‍പാതയായ ഹോർമുസ്, യുദ്ധമാരംഭിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ അടച്ചിരുന്നു. ഇതുകാരണം മുൻപെങ്ങുമില്ലാത്തവിധം കടുത്ത ഇന്ധനപ്രതിസന്ധിക്ക് ലോകം അടുത്തകാലങ്ങളില്‍ സാക്ഷ്യംവഹിക്കുകയുമുണ്ടായി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങള്‍ അവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനും ഖത്തർ, പാകിസ്താൻ അടക്കമുള്ള മധ്യസ്ഥരാജ്യങ്ങള്‍ നിരവധി തവണ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എങ്കിലും കാര്യമായ ഫലങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇറാൻ നിർണായക നിർദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
ഇരുരാജ്യങ്ങളും കഴിഞ്ഞ ജൂണില്‍ അംഗീകരിച്ച പതിനാലിന ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞ ആഗസ്റ്റ് മാസത്തോടെ അവസാനിച്ചിരുന്നു. എല്ലാ മുന്നണികളിലുമുള്ള സൈനികനീക്കങ്ങള്‍ അവസാനിപ്പിക്കുക, ഗസ്സയിലും ലെബനാനിലുമുള്ള ഇസ്രായേല്‍ അക്രമങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ നിർത്തലാക്കുകയെന്നതാണ് പുതിയ പദ്ധതിയിലുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, 12 ബില്യണോളം നഷ്ടപരിഹാരം നല്‍കുക, ഇറാനിയൻ എണ്ണക്കപ്പലുകള്‍ക്ക് ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുകയെന്നതും ഇറാൻ സമർപ്പിച്ച നിർദേശത്തിലുണ്ട്. കൃത്യമായ നിബന്ധനകള്‍ പാലിക്കുന്ന പക്ഷം പദ്ധതിയുടെ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതികളെക്കുറിച്ചും ഉടനടി ചർച്ച ചെയ്യാൻ നിർദേശത്തില്‍ ചൂണ്ടിക്കാട്ടുന്നതായാണ് റിപ്പോർട്ടുകള്‍.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ന്യൂയോർക്കില്‍ യുഎസ്സും ഇറാനും ഘട്ടംഘട്ട ചർച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സമ്മർദ്ദ നിലപാട് ഉപേക്ഷിക്കാൻ ഇരുപക്ഷവും തയ്യാറാകാത്തത് മധ്യസ്ഥ നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാക്കും. ഇറാൻ, യുഎസ് സംഘർഷം നീണ്ടുപോയേക്കാമെന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായതോടെ എണ്ണവില വീണ്ടും ഉയർന്ന് ബാരലിന് 107 ഡോളറില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
ഇറാന്റെ നിർദേശങ്ങളോട് അമേരിക്ക വേഗത്തില്‍ പ്രതികരിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയവിദഗ്ധരുടെ നിരീക്ഷണം. അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമേ കാര്യമായ പുരോഗതിയുണ്ടാവുകയുള്ളൂവെന്നും വിലയിരുത്തലുകളുണ്ട്.

