KSDLIVENEWS

Real news for everyone

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച്‌ നീക്കി പൊലീസ്

SHARE THIS ON

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ വലിച്ചിഴച്ച്‌ പൊലീസ്.

എ എ റഹീം എംപി, വി ശിവദാസന്‍ എംപി, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ളവരെയാണ് പൊലീസ് വലിച്ചിഴച്ചത്. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പട്ടേല്‍ ചൗക്ക് ഗേറ്റ് നമ്പര്‍ 2 മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സിപിഐഎം രാജ്യസഭാ എംപിമാരും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധിച്ചത്. പ്രതിഷേധം അഞ്ച് മിനിറ്റ് പോലും കടക്കുന്നതിന് മുന്‍പ് പൊലീസ് ഇടപെട്ടു. പ്രതിഷേധിച്ച എ എ റഹീം, വി ശിവദാസന്‍, ആദര്‍ശ് എം സജി അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച്‌ മാറ്റുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്.

ഇതാണ് ജനാധിപത്യത്തിന്റെ ഇന്ത്യന്‍ കാഴ്ചകളെന്നായിരുന്നു അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ എ എ റഹീം എംപി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നതിന്റെ ലക്ഷണമാണ് ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകള്‍. ഗ്യാനേഷ് കുമാറിനെ അവര്‍ പ്രൊട്ടക്റ്റ് ചെയ്തു. പ്രൊട്ടസ്റ്റ് ചെയ്ത തങ്ങളെ പൊലീസ് ആക്രമിക്കുകയാണ് ചെയ്തത്. എംപിയെന്ന പരിഗണന പോലും നല്‍കാതെ പൊലീസ് വലിച്ചിഴച്ചു. ഇതുകൊണ്ടൊന്നും പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എ എ റഹീം എം പി പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ജന്തര്‍ മന്തറില്‍ ഐസയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. നിരവധി പേര്‍ ജന്തര്‍ മന്തറിലേക്ക് ഒഴുകിയെത്തി. പ്രതിഷേധത്തിന് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ എത്തി. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. അസം, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. അസമിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാംഗം ഗൗരവ് ഗോഗോയ്‌യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!