KSDLIVENEWS

Real news for everyone

സന്ധ്യകഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി താലൂക്ക് ഓഫീസ് പരിസരം

SHARE THIS ON

കാസർഗോഡ്: കാട് മൂടിക്കിടക്കുന്ന മുറ്റം, പണ്ടെപ്പോഴോ പിടികൂടി കാലങ്ങളായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, ഇതിന് നടുവിലായി ഭാർഗവീനിലയം പോലൊരു കെട്ടിടം. മുറ്റം മുഴുവൻ മുറിച്ചെടുത്ത മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നു, അതിൽ ചിലത് മുളച്ച് പൊന്തിനില്ക്കുന്നു. ഇഴജന്തുക്കൾക്കും സമൂഹവിരുദ്ധർക്കും ഇതിൽപരം സൗകര്യപ്രദമായ ഇടം വേറെയില്ല. കാസർകോട് താലൂക്ക് ഓഫീസ് പരിസരത്തെ പഴയ കെട്ടിടത്തിന്റെ ഇന്നത്തെ സ്ഥിതിയാണിത്. വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടത്തിലാണ് റവന്യൂ റിക്കവറി, ലാൻഡ് അക്വസിഷൻ (ജനറൽ), റീസർവേ ഓഫീസ്, ബാർ അസോസിയേഷന്റെ ഹാൾ എന്നിവ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് തീരെ ഉപയോഗിക്കാനാവാത്തതിനാൽ ഉപേക്ഷിച്ചിട്ടിരിക്കുന്നത്. ചരിത്ര സ്മാരകമായ ഈ കെട്ടിടം എപ്പോൾവേണമെങ്കിലും നിലംപതിക്കാമെന്ന അവസ്ഥയിലാണ്. മേൽക്കൂരയുടെ ഓടുകൾ പലതും പൊട്ടി. ജനലുകളും വാതിലുകളും ചിതലരിക്കുകയും കാലപ്പഴക്കത്താൽ ദ്രവിച്ചുനിൽക്കുന്നതുമാണ്. ഈ കെട്ടിടത്തിന്റെ ഭാഗം നന്നാക്കിയെടുത്താണ് ഇപ്പോൾ കാന്റീൻ പ്രവർത്തിക്കുന്നത്.
സന്ധ്യകഴിഞ്ഞാൽ താലൂക്ക് ഓഫീസ് പരിസരം സമൂഹവിരുദ്ധരുടെ കൈവശമാണ്. ഇരുട്ട് വീണുതുടങ്ങുമ്പോൾ താലൂക്ക് ഓഫീസിന് സമീപത്തെ പഴയ കെട്ടിടത്തിന് ചുറ്റും ഇത്തരക്കാർ കൂട്ടംകൂടാറുണ്ട്. മദ്യം കഞ്ചാവ് വില്പനക്കാരാണ് ഇതിൽ കൂടുതലും. ചുറ്റുവട്ടം കാടുപിടിച്ചുകിടക്കുന്നതിനാൽ ഈഭാഗത്ത് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണെന്ന് സമീപവാസികൾ അറിയിച്ചു.കെട്ടിടം വെറുതെയിട്ട് നശിപ്പിച്ചുകളയുന്നതിന് പകരം വൃത്തിയായി ശുചീകരിച്ച് സംരക്ഷിക്കണമെന്നും ചുറ്റുമതിലും തെരുവ് വിളക്കുകളും സ്ഥാപിച്ച് ആവശ്യത്തിന് സുരക്ഷിതത്വം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!