ഗസ്സ യുദ്ധം; ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ

ബൊഗാട്ട: ഗസ്സയില്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു.
അന്താരാഷ്ട്ര തൊഴിലാളിദിനത്തില്‍ സംസാരിക്കവെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ഇസ്രായേല്‍ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുന്നില്‍ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സർക്കാരും പ്രസിഡന്റുമാണ് ഇസ്രായേലിലേത്’-പെട്രോ പറഞ്ഞു.
ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്റായത്. തെക്കേ അമേരിക്കയില്‍ ഇസ്രായേലിന്റെ പ്രധാന വിമർശകരില്‍ ഒരാളാണ് പെട്രോ. ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ജൂതരിലെ നാസികളുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പെട്രോ വിമർശിച്ചിരുന്നു. ഗസ്സയില്‍ മനുഷ്യമൃഗങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന ഗാലന്റിന്റെ പ്രസ്താവന
ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമർശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
ഭക്ഷണത്തിന് കാത്തുനിന്ന ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇസ്രായേലില്‍നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കൊളംബിയ പ്രഖ്യാപിച്ചിരുന്നു. 34,500 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. കൊളംബിയ നയതന്ത്രബന്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

