കൃഷി മേഘലയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താൻ ; ആറളത്തുനിന്ന് വനം ജീവനക്കാർ എത്തും

മുള്ളേരിയ: കാറഡുക്ക, മുളിയാർ കൃഷിമേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തെ തുരത്താൻ കൂടുതൽ വനംജീവനക്കാർ എത്തുന്നു. കണ്ണൂർ ആറളത്തുനിന്നാണ് ജില്ലയിലെ വനം ജീവനക്കാരെയും ദ്രുതപ്രതികരണ സേനയെയും സഹായിക്കുന്നതിനായി സംഘം എത്തുന്നത്. ആനക്കൂട്ടം കൃഷി നശിപ്പിച്ച കാറഡുക്ക പന്നപ്പലം, കൊട്ടംകുഴി മേഖലകൾ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ഡി.എഫ്.ഒ. പി.കെ. അനൂപ് കുമാർ എന്നിവർ സന്ദർശിച്ചു. ജനവാസമേഖലയോട് ചേർന്നുകിടക്കുന്ന നാമമാത്രം അക്കേഷ്യമരങ്ങൾ മാത്രമുള്ള ഒറ്റപ്പെട്ട വനമേഖല ആനയ്ക്ക് ജീവിക്കാൻ പറ്റിയതല്ല. അതിനാൽ ആനയ്ക്ക് സുരക്ഷിതമായതും ഭക്ഷണലഭ്യതയുമുള്ള ഉൾവനത്തിലെത്തിക്കാൻ വിശദമായ രൂപരേഖ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ഡി.എഫ്.ഒ. പറഞ്ഞു. ആനയെ ഓടിക്കാൻ വിദഗ്‌ധരായവരെ വയനാട്ടുനിന്ന് എത്തിക്കാൻ ശ്രമിച്ചെങ്കിലും പലരും കോവിഡ് നിരീക്ഷണത്തിലായതിനാൽ പറ്റിയില്ല. കൂടുതൽ ദിവസം കാത്തിരുന്നാൽ കൃഷിനാശം രൂക്ഷമാകുമെന്നതിനാലാണ് ആറളത്തുനിന്ന് കൂടുതൽ ജീവനക്കാരെ എത്തിക്കുന്നത്.
പയസ്വിനി പുഴ കടത്തി കർണാടക ഉൾവനത്തിലെത്തിക്കാനാണ് ലക്ഷ്യം. പലദിവസങ്ങളായി പല മേഖലയിലെത്തിച്ചാണ് അതിർത്തികടത്തുന്നത്. ആനക്കൂട്ടത്തെ തുരത്താനുള്ള പദ്ധതി ആസൂത്രണത്തിനായി നാട്ടുകാർ കൊട്ടംകുഴിയിൽ വ്യാഴാഴ്ച വൈകുന്നേരം യോഗം ചേർന്നു രണ്ടുദിവസമായി കൊട്ടംകുഴിയിൽ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊട്ടംകുഴി ചള്ളത്തുങ്കാലിലെ ബാലകൃഷ്ണൻ, മണികണ്ഠൻ, രാധ, ശ്രീധരൻ, ജയരാജ്, മോഹനൻ നമ്പ്യാർ തുടങ്ങിയവരുടെ കൃഷിയാണ് വ്യാഴാഴ്ച പുലർച്ചെ നശിപ്പിച്ചത്.
വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയവ നശിപ്പിച്ചു. പലരുടെയും വീടിന് സമീപത്തേക്കുവരെ ആനക്കൂട്ടം എത്തിയിരുന്നു.

