ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കുമ്പള: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് ദേശീയപാതയിലെ വാഹനയാത്രക്കാരെ പരിഭ്രാന്തരാക്കി. കുമ്പളയ്ക്കും കാസർകോടിനുമിടയിൽ ദേശീയപാതയിൽ മൊഗ്രാലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15. ഓടെയായിരുന്നു സംഭവം. ആരിക്കാടിയിലെ അബ്ദുൾ നാസറിന്റെ കാറിനാണ് തീപിടിച്ചത്. അദ്ദേഹവും കുടുംബാംഗങ്ങളും ആരിക്കാടിയിൽനിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു. പെട്ടെന്നായിരുന്നു വലിയ ശബ്ദത്തോടെ കാറിന്റെ മുൻഭാഗത്ത് തീയും പുകയും ഉയരുന്നതായി കണ്ടത്. ഉടനെ കാർ നിർത്തി ഇറങ്ങി. ദേശീയപാതയിലൂടെ വരികയായിരുന്ന യാത്രക്കാരും മറ്റും സമീപത്തെ വീടുകളിൽനിന്നും കടകളിൽനിന്നും വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു.
അതുവഴി വന്ന യാത്രക്കാരിലൊരാൾ അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിച്ചതനസരിച്ച് സേനാംഗങ്ങളെത്തി തീ പൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. കാറിന്റെ എൻജിൻഭാഗം പൂർണമായും കത്തി.
എന്നാൽ ഉള്ളിലേക്ക് തീ പടരാതിരുന്നതിനാൽ ആളപായമുണ്ടായില്ല. കാസർകോട് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.

