11 നിയമസഭാ സീറ്റില്‍ BJP ഒന്നാമത്, എല്ലാം LDF സിറ്റിങ് സീറ്റുകള്‍, 110 ഇടത്ത് യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ലോക്‌സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബിജെപി നിയമസഭയിലും ഇടതിനോട് ബലാംബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കേരള രാഷ്ട്രീയത്തില്‍ കൗതുകമുണര്‍ത്തുന്നതാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍ഡിഎഫും യുഡിഎഫ് 41 സീറ്റുമാണ് നേടിയിരുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021-ല്‍ എല്‍ഡിഎഫ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം.
മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ എല്‍ഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.
11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂര്‍, വി.ശിവന്‍കുട്ടിയുടെ നേമം, ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.

