കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ട്; അപകടങ്ങൾ പലതവണ നടന്നിട്ടും അധികൃതർക്ക് കുലുക്കമില്ല

ഉദുമ : മഴ ശക്തമായതോടെ കാസർകോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പലയിടത്തും വെള്ളക്കെട്ട്. ഉദുമ പള്ളം, ചേറ്റുകുണ്ട്, ബേക്കൽ കവല, തൃക്കണ്ണാട് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശം എന്നിവിടങ്ങളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നുണ്ട്. ചെറിയ മഴയുള്ളപ്പോൾ പോലും ഉദുമ പള്ളത്ത് ഇരുവശത്തും മഴവെള്ളം കെട്ടി നിന്ന് സംസ്ഥാന പാത ചെറിയ പുഴ പോലെയാകും. ഇതിനാൽ കാൽ നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. വെള്ളക്കെട്ട് കാരണം അപകടസാധ്യതയും വർധിച്ചു.
കണ്ണിക്കുളങ്ങരയിലെ കോൺക്രീറ്റ് മേസ്ത്രി വെണ്ണീർ കുഞ്ഞിരാമൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇവിടെ വെച്ച് ലോറി ഇടിച്ചുണ്ടായ അപകടത്തേത്തുടർന്ന് കഴിഞ്ഞദിവസം മരിച്ചു. നാല് വർഷം മുമ്പ് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വലിയ പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ. ഹമീദ് ഹാജി മരിച്ചത് പള്ളത്ത് വെച്ചാണ്. ചെറുതും വലുതുമായ അപകടങ്ങൾ നടക്കുമ്പോൾ അത് തടയാൻ ഒരു സംവിധാനവും ഇവിടെ ഇല്ല.
റോഡിലെ കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാണ്. വെള്ളകെട്ടിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീണ് ചെറിയ അപകടങ്ങൾ നിരന്തരം ഉണ്ടാകുന്നുണ്ട്. വെള്ളക്കെട്ട് കാരണം റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് എത്താനും പ്രയാസമുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
വർഷം തോറും പള്ളത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകകളിൽ മണ്ണും മാലിന്യവും നിറഞ്ഞ് കിടക്കുന്നതും പ്രശ്നമാകുന്നുണ്ട്. മഴവെള്ളം ഒഴുക്കിവിടാൻ പുതിയ കലുങ്ക് നിർമിക്കുക, ഓടകൾ ശുചീകരിക്കുക, നിലവിലെ ഓവുചാൽ മാഷ്ഓഡിറ്റോറിയത്തിന് മുന്നിലുള്ള കലുങ്കിൽ ചേർക്കുക എന്നിവയിലൊന്ന് നടന്നുകിട്ടിയാൽ പള്ളത്തെ വെള്ളകെട്ടിന് പരിഹാരമാകുമെന്ന് നാട്ടുകാരും യാത്രക്കാരും പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകളും താൽക്കാലിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തൃക്കണ്ണാട് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തെ വെള്ളകെട്ട് പരിഹരിക്കാൻ ഇപ്പോൾ ഓവുചാൽ നിർമിക്കുന്നുണ്ട്. പക്ഷേ നിർമാണം പൂർത്തിയായ ഓവുചാൽ നിറച്ചും വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ചേറ്റുകുണ്ട് റോഡിന്റെ കിഴക്ക് ഭാഗത്ത് ഓവുചാൽ നിർമിച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത് റോഡരികിൽ ചെളി വെള്ളം കെട്ടികിടക്കുന്നുണ്ട്.

