KSDLIVENEWS

Real news for everyone

റോഡിലേക്ക് വീഴാൻപോയ യാത്രക്കാരനെ ഒറ്റ കൈയ്യിൽ പിടിച്ചുകയറ്റി കണ്ടക്ടർ, സൂപ്പർ ഹീറോ മിന്നൽ ബിലു

SHARE THIS ON

കൊല്ലം: മിന്നൽ മുരളി എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്. കടയിലെ ചോറ്റുപാത്രം നിലത്തേക്ക് വീഴുമ്പോൾ നായകനായ ടൊവിനോ കാലുകൊണ്ടു അത് തട്ടി മുകളിലേക്ക് കയറ്റുന്നത്. സിനിമയിലെ ഈ രംഗത്തേക്കാളും ത്രസിപ്പിക്കുന്ന ഒരു യഥാർഥ സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നിലത്തുവീഴാതെ കാത്തതാകട്ടെ ഒരു ജീവനും. ബസിൽനിന്ന് പുറത്തേക്ക് വീഴാൻപോയ യാത്രക്കാരനെ മിന്നൽ വേഗത്തിൽ കൈപിടിച്ചു കയറ്റുന്ന ബിജിത്ത് ലാൽ എന്ന കണ്ടക്ടർക്ക് സല്യൂട്ട് കൊടുക്കുകയാണ് നാട്.

ചവറ-പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-നായിരുന്നു ബിജിത്തിനെ സൂപ്പർ ഹീറോയാക്കിയ സംഭവം. കാരളിമുക്കിൽനിന്ന് കയറിയ യാത്രക്കാരനാണ് അദ്ദേഹം രക്ഷകനായത്. ബസിന്റെ പിൻഭാഗത്തെ പടിക്ക് സമീപം നിന്ന യാത്രക്കാരൻ പെട്ടെന്ന് വണ്ടി ഒരുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ഫുട്‌ബോര്‍ഡിന്റെ ഭാഗത്തേക്ക് വഴുതുകയും കൈകൊണ്ട് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ പോകുന്നിടത്തുനിന്നാണ് ബിലു രക്ഷകനായത്‌. റോഡിലേക്ക് വീഴാൻ പോയപ്പോൾ ഒറ്റ കൈകൊണ്ട് ബിജിത്ത് പിടിച്ചു കയറ്റുന്ന ദൃശ്യങ്ങാണ് പുറത്തുവന്നത്. ബസ് റോഡിലെ വളവ് തിരിഞ്ഞപ്പോഴായിരുന്നു സംഭവം.

ബസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ബിജിത്തിന്റെ സുഹൃത്തുക്കളാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. പന്തളം ആർടിഒ ബിജിത്തിനെ ആദരിച്ചപ്പോൾ ‘ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതടക്കം പല സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ യാത്രക്കാരെ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചിലർ ബസിൽ പിടിക്കാതെ അശ്രദ്ധമായിട്ടാണ് യാത്രചെയ്യാറ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട യുവാവ് വാതിൽപ്പടിക്ക് തൊട്ടടുത്തുള്ള സീറ്റിന്റെ പിന്നിലുള്ള കമ്പിയിൽ ഇടതുകൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. എന്നാൽ യുവാവിന്റെ ഇതേ കൈയ്യിൽ തന്നെ മൊബൈൽ ഫോണും ഉണ്ടായിരുന്നു.

പലപ്പോഴും ബസ്സിൽ പിടിക്കാതെയാണ് നിന്നത്. യുവാവിന് ടിക്കറ്റ് കൊടുത്തശേഷം ബാക്കി തുക കൊടുക്കാനിരിക്കുകയായിരുന്നു. പുറത്തേക്ക് വീഴാനൊരുങ്ങിയപ്പോൾ യുവാവ് എന്റെ കൈയ്യിൽ തട്ടിയതുകൊണ്ട് പെട്ടെന്ന് അയാളുടെ ഇടതു കൈയ്യിൽ പിടിക്കാൻ കഴിഞ്ഞു. എന്റെ ഉപബോധമനസ്സാണ് അത് ചെയ്തതെന്ന് തോന്നിപ്പോയി. ബാക്കിയെല്ലാം ദൈവത്തിന്റെ ഇടപെടൽ ആണെന്നാണ് വിശ്വസിക്കുന്നത്.

യുവാവിന്റെ കൈതട്ടിയാവാം വാതിൽ തുറന്നത്. സംഭവശേഷം അയാൾ ഒന്നും മിണ്ടിയില്ല. ആകെ ഒരു മരവിപ്പായിരുന്നു അദ്ദേഹത്തിന്. ടിക്കറ്റെടുത്ത സ്ഥലവും കഴിഞ്ഞ് രണ്ട് സ്റ്റോപ്പ് അപ്പുറത്താണ് അയാൾ ഇറങ്ങിയത്. അദ്ദേഹത്തിന്റെ പേര് പോലും ചോദിക്കാൻ കഴിഞ്ഞില്ല’, ബിജിത്ത് മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. വീഡിയോ വൈറലായതോടെ, നാട്ടിലും സുഹൃത്തക്കൾക്കിടയിലും ബിലു എന്ന പേരിൽ അറിയപ്പെടുന്ന ബിജിത്ത് ലാലിന് അഭിനന്ദന പ്രവാഹമാണിപ്പോൾ. നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് ബിജിത്ത് പറയുന്നു. പന്തളം, കുന്നത്തൂർ എൻഫോഴ്സ്മെന്റ് ആർടിഒ നേരിട്ടെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. ഭരണിക്കാവിൽ നാട്ടുകാരും ബസ് യാത്രക്കാരും അദ്ദേഹത്തിന് സ്വീകരണവും നൽകി. 12 വർഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ബിജിത്ത്, കഴിഞ്ഞ ഏഴുവർഷമായി സുനിൽ ട്രാവൽസിനൊപ്പമാണ്. കൊല്ലം മൺറോതുരുത്ത് സ്വദേശിയായ അദ്ദേഹം ഇപ്പോൾ താമസിക്കുന്നത് തോപ്പിൽമുക്കിലാണ്. രേഷ്മയാണ് ഭാര്യ. അനാമികയും അഥർവ്വും മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!