പുതിയ കാർ വീട്ടിൽ എത്തേണ്ടതായിരുന്നു, കുടുംബത്തെ കാണാൻ ടിക്കറ്റും ബുക്ക് ചെയ്തു; നോവായി സ്റ്റെഫിൻ

പാമ്പാടി: പുതിയ വീടും കാറും എന്ന സ്വപ്നം ബാക്കിവച്ചാണ് കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ സാബു ഏബ്രഹാം കുവൈത്തിൽ മരണത്തിനു കീഴടങ്ങിയത്. ബുക്ക് ചെയ്തിരുന്ന പുതിയ കാർ കഴിഞ്ഞദിവസം വീട്ടിൽ എത്തേണ്ടതായിരുന്നു. ഇതിനിടിയിലാണ് ദുരന്തം ആ സന്തോഷം കെടുത്തിയത്.
കുവൈത്ത് തീപിടിത്തം: ഒഐസിസി കുവൈത്ത് അനുശോചനം രേഖപ്പെടുത്തി
വാടക വീട്ടിൽനിന്നും മാറി സ്വന്തമായി ഒരു വീട്, അവിടെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ജീവിക്കണം. അതായിരുന്നു സ്റ്റെഫിന്റെ മറ്റൊരു ആഗ്രഹം. ആറുമാസം മുൻപ് നാട്ടിലെത്തിയപ്പോൾ വീടിന്റെ പണി തുടങ്ങി. ദിവസവും വീടിന്റെ പണികൾ എന്തായി എന്ന് അറിയാൻ പിതാവ് സാബു ഏബ്രഹാമിനെയും അമ്മ ഷേർലിയേയും വിളിക്കും. മിക്കപ്പോഴും വിഡിയോ കോളിലൂടെ തന്റെ സ്വപ്ന ഭവനം സ്റ്റെഫിൻ കാണുമായിരുന്നു. മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ മോഹിച്ച ആ വീട്ടിലേക്ക് സ്റ്റെഫിൻ അടുത്ത ദിവസം എത്തുക ചേതനയറ്റ നിലയിലാണ്.

