KSDLIVENEWS

Real news for everyone

കൊറിയൻ പ്രസിഡന്റ് കിമ്മിന് പുടിന്റെ സമ്മാനം; ബോംബിട്ടാലും തകരാത്ത കാര്‍; ടെസ്റ്റ് ഡ്രൈവ് ചെയ്ത് രണ്ട് നേതാക്കളും| Video

SHARE THIS ON

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് റഷ്യന്‍ പ്രസിഡന്റ് ആയ വ്‌ളാദമിര്‍ പുതിന്‍, ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന് ഓറസ് സെനറ്റ് എന്ന ലിമോസിന്‍ സമ്മാനിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. യു.എന്‍. ഉപരോധം മറികടന്നുള്ള സമ്മാനം എന്ന നിലയില്‍ വലിയ ശ്രദ്ധ നേടിയ ഒന്നായിരുന്നു അത്. മാസങ്ങള്‍ക്കിപ്പുറം പുതിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തില്‍ കിമ്മിനെ ഒപ്പമിരുത്തി താന്‍ സമ്മാനിച്ച ഓറസ് പുതിന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.


കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിന്‍ ഉത്തര കൊറിയയില്‍ എത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഉഭയകക്ഷി സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചതും വലിയ വാര്‍ത്തയായിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ഇരുവരും ഓറസ് സെനറ്റ് ലിമോസിനില്‍ യാത്രയ്ക്കിറങ്ങിയത്. 24 വര്‍ഷത്തെ ഭരണത്തിനിടെയുള്ള പുതിന്റെ ആദ്യ ഉത്തരകൊറിയ സന്ദര്‍ശനമാണിതെന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന രാഷ്ട്രങ്ങളാണ് റഷ്യയും ഉത്തരകൊറിയയും.


വ്‌ളാദമിര്‍ പുതിന്റെ ഔദ്യോഗിക വാഹനമാണ് റഷ്യന്‍ നിര്‍മിത ഓറസ് സെനറ്റ് എന്ന ലിമോസിന്‍. 2023 സെപ്റ്റംബര്‍ മാസത്തില്‍ റഷ്യന്‍ പ്രസിഡന്റെ അതിഥിയായി കിം ജോങ് ഉന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയിലാണ് പുതിന്റെ ഔദ്യോഗിക വാഹനമായ ഓറസ് സെനറ്റ് കിം ജോങ് ഉന്നിനെ ആകര്‍ഷിച്ചത്. അത്യാഡംബര സംവിധാനങ്ങള്‍ക്കൊപ്പം അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ഈ വാഹനത്തിലുണ്ടെന്നാണ് കിം ജോങ് ഉന്നിന് ഈ വാഹനം ഇഷ്ടമാകാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയിസ് ഫാന്റം എന്ന വാഹനത്തിനോട് സാമ്യമുള്ള രൂപമാണ് സെനറ്റിനുമുള്ളത്. എന്നാല്‍, 1940-കളില്‍ നിര്‍മിച്ചിരുന്ന സോവിയന്റ് ലിമോസിന്‍ മോഡലായ ഇസഡ്.ഐ.എസ്-110 എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സെനറ്റ് ഒരുങ്ങിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. റെഗുലര്‍ ഓറസ് സെനറ്റ് വാഹനത്തില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് പുതിനായുള്ള മോഡല്‍ ഒരുക്കിയിട്ടുള്ളത്. കോര്‍ട്ടേജ് എന്നാണ് അദ്ദേഹത്തിന്റെ വാഹനത്തെ വിശേഷിപ്പിക്കുന്നത്.

റഷ്യന്‍ ആഡംബര വാഹന നിര്‍മാണ കമ്പനിയായ ഓറസ് ആണ് സെനറ്റിന്റെ നിര്‍മാതാക്കള്‍. 2018-ലാണ് ഈ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. 2021-വരെ വി.ഐ.പികള്‍ക്കുള്ള വാഹനം മാത്രമായിരുന്നു ഓറസ് മോട്ടോഴ്സ് നിര്‍മിച്ചിരുന്നത്. ഇതിനുശേഷമാണ് പൊതുജനങ്ങള്‍ക്കായുള്ള വാഹനങ്ങളും ഓറസ് എത്തിച്ച് തുടങ്ങുന്നത്. സെനറ്റിന്റെ ലോങ്ങ് വീല്‍ ബേസ് ലിമോസിന്‍ മോഡലാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമെങ്കില്‍ ഈ മോഡലിന്റെ അഞ്ച് ഡോര്‍ ഷോട്ട് വീല്‍ബേസ് സെഡാന്‍ പതിപ്പാണ് പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്.
ഓറസ് സെനറ്റിന്റെ സാധാരണ മോഡലുകള്‍ക്ക് 5631 എം.എം. ആണ് നീളമെങ്കില്‍ 6700 എം.എം. നീളമാണ് പുതിന്റെ വാഹനത്തിനുള്ളത്. ബുള്ളറ്റ് പ്രൂഫ് കരുത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ദൃഢതയേറിയ ഗ്ലാസുകള്‍, ബോംബ് സ്ഫോടനത്തെ പോലും ചെറുക്കുന്ന അണ്ടര്‍ ഫ്ളോര്‍ പ്രോട്ടക്ഷന്‍, പഞ്ചറായാല്‍ പോലും നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടയറുകള്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍, ഓക്സിജന്‍ സപ്ലൈ തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നത്.

ദൃഢതയ്ക്കൊപ്പം അഴകുമാണ് എക്സ്റ്റീരിയറിന്റെ സവിശേഷതയെങ്കില്‍ ആഡംബരമാണ് ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. ലെതറിനൊപ്പം മറ്റ് ആഡംബര വസ്തുകളും ചേര്‍ത്താണ് അകത്തളം ഒരുക്കിയിരിക്കുന്നത്. മസാജ് സംവിധാനം ഉള്‍പ്പെടെ നല്‍കി വിവിധ രീതികളില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ സീറ്റിലേയും യാത്രക്കാര്‍ക്കായി പ്രത്യേകം എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മുന്നിലും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ടി.എഫ്.ടി. സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ പോലെ കരുത്തിനും പ്രാധാന്യം നല്‍കിയാണ് പ്രസിഡന്റിന്റെ സെനറ്റ് ലിമോസിന്‍ എത്തിയിട്ടുള്ളത്. 6.6 ലിറ്റര്‍ വി12 എന്‍ജിനാണ് ലിമോസിനില്‍ നല്‍കിയിട്ടുള്ളത്. ഇത് 850 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, ഈ വാഹനത്തിന്റെ റെഗുലര്‍ മോഡലില്‍ 4.4 ലിറ്റര്‍ വി8 എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 590 ബി.എച്ച്.പി. പവറും 880 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

error: Content is protected !!