മോദി റഷ്യയിലേക്ക്, രാഹുൽ മണിപ്പുരിലേക്ക്’; പ്രതിപക്ഷ നേതാവിന്റെ യാത്രയെപ്പറ്റി കോൺഗ്രസ്

ഇംഫാൽ: കലാപം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പുരിലേക്കു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പുരിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച അസമിലെ ദുരിതാശ്വാസ ക്യാംപുകളിലെ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുൽ മണിപ്പുരിലെ ഇംഫാലിലേക്കു തിരിച്ചത്.
അസമിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ, അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷമുള്ള രാഹുലിന്റെ ആദ്യ വടക്കുകിഴക്കൻ സന്ദര്‍ശനമാണിത്. കലാപം ആരംഭിച്ചശേഷം മൂന്നാം തവണയാണ് രാഹുല്‍ മണിപ്പുരിലെത്തുന്നത്.
രാഹുല്‍ ഗാന്ധിയുടെ സന്ദർശനത്തിനു മണിക്കൂറുകള്‍ക്കു മുൻപ് മണിപ്പുരിൽ വീണ്ടും വെടിവയ്പ് നടന്നു. രാഹുൽ സന്ദർശിക്കാനിരിക്കുന്ന ജിരിബാം ഗ്രാമത്തിലെ പൊലീസ് ഔട്ട് പോസ്റ്റിനു നേരെയാണു പുലർച്ചെ മൂന്നരയോടെ വെടിവയ്പുണ്ടായത്. ഇതോടെ മണിപ്പുരിൽ സുരക്ഷ കർശനമാക്കി. ഡ്രോണുകളുള്‍പ്പെടെ നിരോധിച്ചു.
അസമിലെ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കൊപ്പമാണ് രാഹുൽ യാത്രയുടെ ആദ്യ പകുതി ചെലവിട്ടത്. അസമിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട പ്രവർത്തനങ്ങൾ നടത്താൻ പ്രധാനമന്ത്രി തയാറാവണമെന്നു രാഹുല്‍ പറഞ്ഞു. 78 പേരാണ് അസമിലെ ദുരിതത്തിൽ മരിച്ചത്. 28 ജില്ലകളിലായി 22.70 ലക്ഷം പേരെ പ്രളയം ബാധിച്ചു.
മണിപ്പുര്‍ സന്ദർശിക്കാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. ‘‘ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അസമിലേക്കും മണിപ്പുരിലേക്കും പോകുമ്പോൾ ഇന്ത്യയുടെ ‘നോൺ-ബയോളജിക്കൽ’ പ്രധാനമന്ത്രി മോസ്കോയിലേക്കു പോകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്തിവച്ചതായി അവകാശപ്പെട്ടിരുന്ന നോൺ-ബയോളജിക്കൽ പ്രധാനമന്ത്രിയുടെ വക്താക്കൾ ഈ മോസ്‌കോ യാത്രയിൽ കൂടുതൽ വിചിത്രമായ അവകാശവാദങ്ങളുന്നയിക്കാനും സാധ്യതയുണ്ട്’’–അദ്ദേഹം എക്സിൽ കുറിച്ചു.

