സിപിസിആർഐ ഗെയ്റ്റിന് സമീപം ചേരങ്കൈ-കാവുഗോളി റോഡ് കടലെടുത്തു; ഇരുന്നൂറോളം കുടുംബങ്ങൾ കുടിയിറക്ക ഭീഷണിയിൽ

കാസർകോട്: കാവുഗോളി കടപ്പുറത്ത് കടലേറ്റം തുടരുന്നു. വ്യാഴാഴ്ച ചേരങ്കൈ-കാവുഗോളി റോഡ് കടലെടുത്തു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കടലോരത്തുള്ള ഗെയിറ്റിന് സമീപത്താണ് റോഡ് തകർന്നത്.
ഇരുന്നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കാവുഗോളി കടപ്പുറത്ത് വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് കടലേറ്റം.
എപ്പോൾ വേണമെങ്കിലും വീടുകളിലേക്ക് കടൽ ഇരച്ചുകയറാവുന്ന ഭീതിജനകമായ സാഹചര്യത്തിലാണ് ഇവിടെയുള്ള കുടുംബങ്ങൾ കഴിയുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പൂർണമായി പരാജയമാണെന്നു ബി.ജെ.പി. കാസർകോട് മണ്ഡലം പ്രസിഡന്റും കാസർകോട് നഗരസഭാ കൗൺസിലറുമായ ഗുരുപ്രസാദ് പ്രഭു ആരോപിച്ചു.
കടപ്പുറത്തെ കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണം. തകർന്ന റോഡുകൾ പുനർനിർമിക്കാൻ അടിയന്തര ഫണ്ട് അനുവദിക്കുക, കടലേറ്റ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം കൂട്ടിച്ചേർത്തു.

