KSDLIVENEWS

Real news for everyone

സൂര്യകുമാർ ക്യാപ്റ്റൻ, സഞ്ജു T20 ടീമിൽമാത്രം; ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മതന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടു. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്. റിയാന്‍ പരാഗ് ഏകദിനത്തിലും ടി20യിലും ഉള്‍പ്പെട്ടപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മക്ക് ടീമില്‍ ഇടം കിട്ടിയില്ല.


ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായാണ്‌ സൂര്യകുമാര്‍ യാദവിനെ ടി20 ക്യാപ്റ്റനായി നിശ്ചയിച്ചത്. രോഹിത് ക്യാപ്റ്റനായിരുന്നപ്പോള്‍ ഹാര്‍ദിക്കായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ഇല്ലാതിരുന്ന സമയങ്ങളിലും ഹാര്‍ദിക് തന്നെയായിരുന്നു ടീമിനെ നയിച്ചത്. പക്ഷേ, രോഹിത് ശര്‍മ വിരമിച്ചതോടെ സൂര്യകുമാറിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.

സൂര്യകുമാര്‍ മുന്‍പ് ഏഴ് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും വ്യക്തിഗത സ്‌കോര്‍ 300 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ ക്യാപ്റ്റന്‍സിയിലേക്ക്‌ തിരഞ്ഞെടുത്തത്. അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് ഇല്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്‍.

ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. സിംബാബ്‌വെയ്‌ക്കെതിരേ രണ്ട് മത്സരങ്ങളില്‍നിന്ന് 24 റണ്‍സ് മാത്രം നേടിയ റിയാന്‍ പരാഗിനെ ടി20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തി. ബി.സി.സി.ഐ.യുടെ കരാറില്‍ ഉള്‍പ്പെടാതിരുന്ന ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ മടങ്ങിയെത്തി. അതേസമയം ഇഷാന്‍ കിഷനെ പരിഗണിച്ചില്ല. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കുല്‍ദീപ് യാദവിന് ഏകദിനത്തില്‍ മാത്രമാണ് അവസരം കിട്ടിയത്. സിംബാബ്‌വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്ക് രണ്ട് ടീമിലും ഇടം ലഭിച്ചില്ല.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ ഫോര്‍മാറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ടി20യില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, സിറാജ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്ന ധ്രുവ് ജുറേല്‍, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ആവേശ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.


ശ്രീലങ്കയ്‌ക്കെതിരേ മൂന്നുവീതം ടി20യും ഏകദിനവുമാണ് ഇന്ത്യക്കുള്ളത്. ജൂലായ് 27-നാണ് ആദ്യ ടി20 മത്സരം. 28, 30 തീയതികളില്‍ ശേഷിച്ച മത്സരങ്ങള്‍ നടക്കും. വൈകീട്ട് ഏഴിനാണ് മൂന്ന് മത്സരങ്ങളും. ഓഗസ്റ്റ് രണ്ടിന് ഏകദിന പരമ്പര ആരംഭിക്കും. നാലിന് രണ്ടാമത്തെയും ഏഴിന് അവസാനത്തെയും ഏകദിനം നടക്കും. ഉച്ചയ്ക്ക് 2.30-നാണ് മത്സരങ്ങള്‍. ടി20 മത്സരങ്ങള്‍ പല്ലകലെയിലും ഏകദിനങ്ങള്‍ കൊളംബോയിലും നടക്കും.

ടി20 ടീം സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹ്‌മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, ഖലീല്‍ അഹ്‌മദ്, ഹര്‍ഷിത് റാണ.

error: Content is protected !!