ഒളിമ്പിക് ഫുട്‌ബോള്‍; ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്ത്

പാരീസ്: ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയെ പുറത്താക്കി ഫ്രാന്‍സ് സെമിയില്‍. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. അഞ്ചാം മിനിറ്റില്‍ ജീന്‍ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡര്‍ ഗോളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. മൈക്കല്‍ ഒലിസെ എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു മറ്റെറ്റയുടെ ഗോള്‍. കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
സെമിയില്‍ ഫ്രാന്‍സ്, ഈജിപ്തിനെ നേരിടും. സിമിയോണിയും ജൂലിയന്‍ അല്‍വാരസും ലഭിച്ച അവസരങ്ങള്‍ തുലച്ചതും അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്രാന്‍സിനായി മൈക്കല്‍ ഒലിസെ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു.
മത്സരത്തിനു ശേഷം ഇരു ടീമിലെയും താരങ്ങളും പരിശീലക സംഘത്തിലെ അംഗങ്ങളും കയ്യാങ്കളിയിലേര്‍പ്പെട്ടത് നാണക്കേടായി.
മറ്റൊരു ക്വാര്‍ട്ടറില്‍ യുഎസ്എയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മൊറോക്കോ സെമിയിലെത്തി. സ്‌പെയിനാണ് സെമിയില്‍ അവരുടെ എതിരാളി.

